സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച്‌ ശിവശങ്കറിന് കൃത്യമായ അറിവുണ്ടായിരുന്നതായി സരിത്തിന്‍റെ മൊഴി; എന്‍ഐഎ ശിവശങ്കറിനെ വിളിപ്പിച്ചേക്കും

Jaihind News Bureau
Saturday, July 18, 2020

 

കൊച്ചി:  സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന് അറിയാമെന്ന് എന്‍ഐഎയോട് സരിത്തിന്‍റെ മൊഴി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്‌ന സുരേഷിന്‍റെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തി. നയതന്ത്ര ബാഗ് അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് യുഎഇ അറ്റാഷെയാണെന്നും സരിത്ത് മൊഴി നല്‍കി. മൊഴിയിലെ വസ്തുത പരിശോധിക്കാന്‍ ശിവശങ്കറിനെ എന്‍ഐഎ വിളിപ്പിച്ചേക്കും.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് തുടരുന്നു. രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഐഎ തെളിവെടുപ്പ് നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന്‌ കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റിലും സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്ന വിവിധ സ്ഥലങ്ങളില്‍ അന്വേഷണസംഘമെത്തി.

ഹെദര്‍ ഫ്ലാറ്റ്,  സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് സ്വപ്നയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപം ക്ഷേത്രത്തിന് പിന്നിലെ വീട്, മരുതംകുഴിയിലെ വീട്, ഹെദര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപുമായി സംഘം തെളിവെടുപ്പ് നടത്തിയത്.