സ്വർണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പാർട്ടിയെയും നേതാക്കളെയും മുതലെടുത്തു; കണ്ണൂർ ജില്ലാ സമ്മേളനത്തില്‍ വിമർശനം

Jaihind Webdesk
Sunday, December 12, 2021

 

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ട്ടിയുടെയും നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇത് തടയാന്‍ നേതാക്കള്‍ക്കായില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുളള പൊതുചര്‍ച്ചയിലാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രതിനിധികളിൽ നിന്ന് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ ഏതെങ്കിലും നേതാവിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ചില നേതാക്കളുടെ സ്തുതിപാഠകരായി പ്രത്യക്ഷപ്പെട്ട ചിലർ പിന്നീട് സ്വര്‍ണ്ണക്കടത്തിലേക്കും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിയുകയായിരുന്നുവെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ജില്ലയില്‍ ഇത്തരം പല സംഘങ്ങളും വളര്‍ന്നത് ചില പാര്‍ട്ടി നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണന്നും പ്രതിനിധികൾ വിമർശിച്ചു. എന്നാല്‍ ഇത് തിരിച്ചറിയാനും അവരെ പരസ്യമായി തളളിപ്പറയാനും നേതാക്കള്‍ക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ക്വട്ടേഷന്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടികള്‍ ഓരോന്നായി പൊതു ചര്‍ച്ചക്ക് മറുപടിയായി ജില്ലാ സെക്രട്ടറി എംവി ജയരാജൻ വിശദീകരിച്ചു. പേരെടുത്ത് പറയാതെയുളള വിമർശനം ഉയർന്നത് മറ്റു വ്യാഖ്യാനങ്ങൾക്ക് ഇട നൽകിയില്ല. എന്നാൽ പി ജയരാജനെ ലക്ഷ്യം വെച്ചുകൊണ്ടാണ് പേരെടുത്ത് പറയാതെയുള്ള വിമർശനങ്ങൾ ഉയർന്നത്. അദ്ദേഹത്തെ പിന്തുണച്ച് ആരും സംസാരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.