‘സ്വർണ്ണക്കള്ളക്കടത്ത് നടന്നത് മുഖ്യമന്ത്രിയുടെ അധികാരത്തിന്‍റെ തണലില്‍ ; മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം’ : എം.എം ഹസന്‍

Jaihind News Bureau
Friday, August 7, 2020

 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമുണ്ടെന്ന എന്‍.ഐ.എയുടെ വെളിപ്പെടുത്തലോടെ  മുഖ്യമന്ത്രിയുടെ അധികാരത്തിന്‍റെ തണലിലാണ് കള്ളക്കടത്ത് നടന്നതെന്ന് വ്യക്തമായെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം ഹസന്‍. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് തെളിയിക്കുന്ന വിവരങ്ങളാണ് ഓരോദിവസവും പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍.ഐ.എയ്ക്ക് സ്വപ്‌ന നല്‍കിയ മൊഴി യു.എ.ഇ കോണ്‍സിലേറ്റിലെ പ്രതിനിധിയെന്ന നിലയ്ക്കുള്ള പരിചയമാണ് മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്നത് എന്നാണ്. എന്നാല്‍ സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി വെറും പരിചയമല്ല ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന വിവിരങ്ങളാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ഷാര്‍ജ ഷേക്കിന്‍റെ കേരള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയുടെ വസതിയിലെ വിരുന്ന് സല്‍ക്കാരം തരപ്പെടുത്തിയത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്‌നയാണ്. ഷേക്കിന്‍റെ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ വസതിയിലെ വിരുന്ന് സല്‍ക്കാരം ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോണ്‍സുലേറ്റിലെ സ്വപ്‌നയുടെ സ്വാധീനം ഉപയോഗിച്ചാണ് അവസാന നിമിഷം ഷാര്‍ജ ഷേക്കുമായുള്ള വിരുന്ന് സല്‍ക്കാരം തരപ്പെടുത്തിയത്.

ഷാര്‍ജ ഷേക്കിന് സല്‍ക്കാരം തരപ്പെടുത്തിക്കൊടുത്ത സ്വപ്‌നയോട് മുഖ്യമന്ത്രിയ്ക്ക് പ്രത്യേകം നന്ദി ഉണ്ടായിരുന്നു. ഇതിന്‍റെ പ്രത്യുപകാരമാണ് കോണ്‍സുലേറ്റില്‍ നിന്നും പുറത്തായ സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത്. നിയമനം എം.ശിവശങ്കറാണ് നടത്തിയതെങ്കിലും മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണിത് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സ്വപ്‌നാ സുരേഷിന്‍റെ നിയമനം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വസനീയമല്ല.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് തെളിയിക്കുന്ന വസ്തുതകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ പുറത്താക്കിയതുകൊണ്ടോ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സ്വപ്‌നയെ പിരിച്ചുവിട്ടതുകൊണ്ടോ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാകില്ലെന്നും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടന്‍ രാജിവെക്കാന്‍ തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.