സ്വർണ്ണക്കടത്ത് : മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും ; കസ്റ്റംസും മൊഴിയെടുക്കും

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് വിവരം. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നയെ വീണ്ടും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും മന്ത്രിയെ വീണ്ടും വിളിപ്പിക്കുക.

മന്ത്രി കെ.ടി ജലീൽ നടത്തിയ വിദേശ യാത്ര അടക്കം എൻ.ഐ.എ പരിശോധിക്കുന്നുണ്ട്. എൻ.ഐ.എക്ക് പുറമെ കസ്റ്റംസും മന്ത്രിയിൽ നിന്ന് ഉടൻ മൊഴിയെടുക്കും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 8 മണിക്കൂറാണ് എന്‍.ഐ.എ മന്ത്രി ജലീലിന്‍റെ മൊഴിയെടുത്തത്. ഈ മൊഴിയുടെ പരിശോധന നടന്നുവരികയാണ്. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരും മൊഴി പരിശോധിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് നടത്താൻ മന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സ്വപ്ന അടക്കമുള്ള ചില പ്രതികളെ മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും.

അടുത്ത ചൊവ്വാഴ്ച സ്വപ്നയെ വീണ്ടും കോടതിയിൽ ഹാജരാക്കുമ്പോൾ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചന. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം ഡിജിറ്റൽ തെളിവുകളുടെ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷമാകും മന്ത്രിയിൽ നിന്നും വീണ്ടും വിശദീകരണം തേടുക. പ്രതികളുടെ ഫോണിലെ വാട്ട്സ് ആപ്പ്, ടെലഗ്രാം ചാറ്റുകൾ എന്നിവ എൻ.ഐ.എ നേരത്തെ വീണ്ടെടുത്തിരുന്നു.

അതേസമയം യു.എ.ഇ കോൺസുലേറ്റുമായി നടത്തിയ ഇടപെടലുകളില്‍ മന്ത്രിയിൽ നിന്ന് വിശദീകരണം തേടുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം. എന്‍.ഐ.എയുടെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും ചോദ്യം ചെയ്യൽ സംബന്ധിച്ച വിശദാംശങ്ങൾ കസ്റ്റംസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്.

Comments (0)
Add Comment