സമ്മർദ്ദത്തിന് മുന്നില്‍ മുട്ടുമടക്കി സർക്കാർ; എം. ശിവശങ്കറിന് സസ്പെന്‍ഷന്‍; നടപടി ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്മേൽ

Jaihind News Bureau
Thursday, July 16, 2020

തിരുവനനന്തപുരം: സമ്മർദ്ദത്തിന് മുന്നില്‍ മുട്ടുമടക്കിയ സർക്കാർ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സർവീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സ്വർണ്ണക്കടത്ത് കേസ് പ്രതികളുമായി അടുത്ത ബന്ധം ഉണ്ടെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് നടപടി. കേസിലെ മൂന്ന് പ്രതികളുമായും അടുപ്പമുണ്ടെന്ന് കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലില്‍ ശിവശങ്കർ സമ്മതിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.

അഖിലേന്ത്യാ സർവീസിന്‍റെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെതുടർന്നാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. വകുപ്പ് തല അന്വേഷണം തുടരും.

2000ലാണ് ശിവശങ്കറിന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്ത് വരുന്നത്.