മന്ത്രി ജലീലും സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സരിത്തും 6 തവണ ഫോണിൽ സംസാരിച്ചു; രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്| VIDEO

Jaihind News Bureau
Thursday, July 16, 2020

 

കൊച്ചി: മന്ത്രി കെ ടി ജലീലും സ്വർണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്‍റെ കൂടുതൽ തെളിവുകൾ ജയ്ഹിന്ദ് ന്യൂസിന്. ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി നാസറും  സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തും 6 തവണ ഫോണിൽ സംസാരിച്ചു. ജൂലൈ 3 നും ഇവർ സംസാരിച്ചതായി ടെലഫോൺ രേഖകൾ പുറത്തുവന്നു. നാസർ കരിപ്പൂര്‍ വിമാനത്താവളത്തിലെ മുൻ ജീവനക്കാരനാണ്.

ജൂൺ 24ന് 4 തവണയും, ജൂൺ 25 നും ജൂലൈ 3 നും ഓരോ തവണയും ഇവർ സംസാരിച്ചിട്ടുണ്ട്. ഇതിൽ ജൂലൈ 3 ന് വൈകിട്ട് 4.26 ന് ഇരുവരും നടന്ന മൊബൈൽ സംഭാഷണം 75 സെക്കന്‍റ് നീളുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ നയതന്ത്ര ബാഗേജ് തുറക്കുന്നത് ജൂലൈ 5നാണെന്നതും, ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവരുടെ ഓഫീസ് ഇടപെട്ടതും ഈ ദിവസങ്ങളിലാണ് എന്നതും  ഈ ഫോൺ സംഭാഷണത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ മുൻ ജീവനക്കാരനാണ് നാസർ. എയർ ഇന്ത്യാ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരനും കസ്റ്റമർ സർവ്വീസ് ഏജന്‍റുമായിരുന്ന നാസർ 4 വർഷത്തിലധികം സ്വകാര്യ കമ്പനിയുടെ കരാർ ജീവനക്കാരനായി കരിപ്പൂരിലുണ്ടായിരുന്നു. തുടർന്നാണ് മന്ത്രിയുടെ സ്റ്റാഫംഗമാകുന്നത്.

നേരത്തെ സ്വപ്നയും വിമാനത്താവളത്തിലെ ഇതേ ജീവനക്കാരിയായിരുന്നു. ഇനി പുറത്തു വരാനുള്ളത് സരിത്തുമായി നാസർ നടത്തിയ സംഭാഷണത്തിന്‍റെ വിശദാംശങ്ങളാണ്. നേരത്തെ 9 തവണ സ്വപ്നയുമായി ഫോണിൽ സംസാരിച്ചത് റംസാൻ കിറ്റ് സംബന്ധിച്ചാണ് എന്നായിരുന്നു മന്ത്രി ജലീല്‍ പറഞ്ഞിരുന്നത്. എന്നാൽ മെയ് 24ന് ചെറിയ പെരുന്നാളിന് ശേഷം ജൂൺ 1 മുതൽ – 25 വരെ റംസാൻ കിറ്റ് ലഭിക്കാനായി മന്ത്രി ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്നയെ വിളിച്ചു എന്ന വിശദീകരണം വസ്തുതാപരമല്ല.  ജൂൺ 1 മുതൽ ജൂലൈ 5 വരെയുള്ള സരിത്തിന്‍റെ ടെലഫോൺ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. മറ്റ് ടെലഫോൺ രേഖകൾ കൂടി പുറത്ത് വരുമ്പോൾ ഉന്നതരുടെ ബന്ധങ്ങൾ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിൽ നാസറുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.