‘പിണറായിയുമായി 18 വര്‍ഷത്തെ ബന്ധം’; തുറന്ന് സമ്മതിച്ച് കിരണ്‍ മാര്‍ഷല്‍, പിണറായിയുടെ വാഹനം ഉപയോഗിച്ചിരുന്നെന്നും പ്രതികരണം| VIDEO

Jaihind News Bureau
Tuesday, July 21, 2020

 

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുമായി 18 വര്‍ഷത്തെ ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ച് ആലപ്പുഴയിലെ വിവാദ വ്യവസായി കിരണ്‍ മാര്‍ഷല്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ച കാര്‍ പിന്നീട് നാലു വര്‍ഷത്തോളം ഉപയോഗിച്ചത് താനാണെന്നും അദ്ദേഹം സമ്മതിച്ചു. ചേര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കിരണ്‍ മാര്‍ഷല്‍.

തന്‍റെ പേരെടുത്ത് പറഞ്ഞതുകൊണ്ടാണ് കിരണ്‍ വിശദീകരണവുമായി വന്നത്. ഭരണതലത്തിലുള്ള നേതാക്കളുമായി ബന്ധമുണ്ട്. പിണറായി വിജയനുമായി 18 വര്‍ഷത്തെ ബന്ധമുണ്ട്. അതുകൊണ്ടാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് തനിക്കെതിരായ ആരോപണങ്ങള്‍. മുഖ്യമന്ത്രിയും താനും തമ്മിലുള്ള ബന്ധം അത്ര ശ്രേഷ്ഠമായുള്ളതാണെന്നും കിരണ്‍ മാര്‍ഷല്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റും പാര്‍ട്ണര്‍ഷിപ്പില്‍ നടത്തുന്ന ഒരു റസ്‌റ്റോറന്‍റുമാണ് തന്‍റെ ബിസിനസുകള്‍. തന്‍റേത് ഇടതുപക്ഷ കുടുംബമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ എല്ലാപേരുമായും ബന്ധമുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയന്‍ തന്‍റെ വീട് സന്ദര്‍ശിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ ഉപയോഗിച്ച കാര്‍ കുറച്ച് നാള്‍ ഉപയോഗിച്ച് പഴകിയപ്പോള്‍ വിറ്റു. എ.കെ.ജി സെന്‍ററില്‍ ആര്‍ക്ക് വേണമെങ്കിലും പോയി വാങ്ങിക്കാമായിരുന്നു. അദ്ദേഹത്തിന്‍റെ കാറിനോടുള്ള പ്രത്യേക താല്‍പ്പര്യം കണക്കിലെടുത്താണ് താന്‍ പൈസ കൊടുത്ത് അത് വാങ്ങിയത്. നിലവില്‍ കാർ തന്‍റെ കൈവശമില്ല. പുതിയ കാർ വാങ്ങിയപ്പോള്‍ അത് എക്‌സ്‌ചേഞ്ച് ഓഫറില്‍ കൊടുത്തുവെന്നും കിരണ്‍ പറഞ്ഞു.

സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട ആരുമായും ബന്ധമില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഏഴാം തീയതി ആലപ്പുഴയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ നീല ബീക്കണുള്ള വാഹനം കിരണിന്‍റെ വീട്ടില്‍ വന്നു എന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കിരണ്‍ ഒഴിഞ്ഞുമാറി. അതേസമയം, സ്വപ്‌നയുടെ ഓഡിയോ താന്‍ കൂടി ചേര്‍ന്നാണ് തയ്യറാക്കിയതെന്ന ആരോപണവും കിരണ്‍ നിഷേധിച്ചു.

വാര്‍ത്ത പുറത്തുവന്ന ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് അദ്ദേഹത്തിന് വളരെ വിഷമം വരുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കിരണിന്‍റെ മറുപടി. താനാരാണെന്ന കാര്യം എല്ലാപേർക്കും അറിയാം. തനിക്കെതിരായ ആരോപണങ്ങളിന്മേല്‍ ആലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.