സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടു.
കണ്ണൂർ പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. മാധ്യമപ്രവർത്തകർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാർച്ച് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.