സ്വർണ്ണക്കടത്ത് കോണ്‍സല്‍ ജനറലിന്‍റേയും അറ്റാഷെയുടേയും അറിവോടെ; ഉന്നതരുടെ പങ്ക് വെളിപ്പെടുത്തി സ്വപ്നയും സന്ദീപും

Jaihind News Bureau
Saturday, July 25, 2020

കൊച്ചി: സ്വർണ്ണക്കള്ളക്കടത്തിൽ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തി സ്വപ്നയും സന്ദീപും. യുഎഇ കോൺസുലേറ്റ് ജനറലിനും, അറ്റാഷെക്കും നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന് പ്രതികൾ കസ്റ്റംസിന് മൊഴി നൽകി. ഒരു കിലോ സ്വർണ്ണത്തിന് 1500 ഡോളർ കമ്മീഷനായി നൽകിരുന്നെന്നും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തി.

സ്വർണ്ണക്കളക്കടത്ത് കേസിൽ യുഎഇ കൗൺസിലേറ്റിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി. യു എ ഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കും സ്വർണ്ണക്കടത്ത് അറിയാമായിരുന്നതായി കസ്റ്റംസിനോട് 3 പ്രതികളും പറഞ്ഞിട്ടുണ്ട്. സ്വർണ്ണക്കടത്ത് തുടങ്ങിയത് അറ്റാഷെയുടെ അറിവോടെയും സഹായത്തോടെയുമാണ്. 2018 ജൂലൈ മുതൽ ഇക്കഴിഞ്ഞ ജൂൺ വരെ 18 തവണ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിതിയിട്ടുണ്ട്. ഓരോ തവണ സ്വർണ്ണം കടത്തുമ്പോഴും ഒരു കിലോ സ്വർണ്ണത്തിന് 1500 ഡോളർ എന്ന നിരക്കിൽ അറ്റഷേക്കും മറ്റും കമ്മീഷൻ ഇനത്തിൽ നൽകാറുണ്ടായിരുന്നു. എന്നിങ്ങനെയാണ് സ്വപ്നയുടേയും സന്ദീപിന്‍റേയും മൊഴി.

നേരത്തെ സരിത്തും അറ്റാഷെയുടെ പങ്ക് വ്യക്തമാക്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. 3 പ്രതികളുടെ മൊഴിയും കോൺസുലേറ്റിലെ ഉന്നതർക്ക് സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടന്ന് വ്യക്തമാക്കുന്നതാണ്. എന്‍ഐഎ യുടെ കസ്റ്റഡിയിലിരിക്കെ കസ്റ്റംസ് നടത്തിയ 2 ദിവസത്തെ ചോദ്യം ചെയ്യലിലാണ് സ്വപ്നയും സന്ദീപും ഉന്നതരുടെ പങ്കിനെ കുറിച്ച് മൊഴി നൽകിയിട്ടുള്ളത്. ഇപ്പോൾ എന്‍ഐഎ യുടെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള രണ്ട്പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കാൻ കസ്റ്റംസ് തിങ്കളാഴ്ച്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. അതിനിടെ സ്വർണ്ണക്കടത്തിലെ നിർണ്ണായക കണ്ണി കെ.ടി റമീസ് ആന്നെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞു. കെ.ടി റമീസിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഐഎ. കേസിലെ മുഖ്യ ആസൂത്രകരായി അന്വേഷണ സംഘം വിലയിരുത്തുന്നത് കെ.ടി റമീസിനെയും സന്ദീപിനെയുമാണ്. റമീസ് രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായും എന്‍ഐഎക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.