അന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഉമ്മന്‍ ചാണ്ടി വിദഗ്ധസമിതിയെ നിയോഗിച്ചു; ഇന്ന് മുഖ്യമന്ത്രിക്കതിന് കഴിയുമോ ?

Jaihind News Bureau
Thursday, July 23, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്‌തെന്ന ആരോപണം നിലനില്‍ക്കെ  സിസിടിവികള്‍ മാറ്റി സ്ഥാപിക്കാനുള്ള സർക്കാർ നടപടിക്കെതിരെ വ്യാപകവിമർശനം. കനത്ത ഇടിമിന്നലില്‍ സിസിടിവി സംവിധാനത്തിലെ പോർട്ടിന് കേടുപാട് സംഭവിച്ചെന്ന വിചിത്രവാദം ഉയർത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിടുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നു.

സോളാർ വിവാദകാലത്ത് വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് സിപിഎം നേതൃത്വം നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയില്‍ സിപിഎം സാങ്കേതിക വിദഗ്ധനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് അദ്ദേഹം കത്തും നല്‍കി. അന്ന് ഉമ്മന്‍ ചാണ്ടി സ്വീകരിച്ച മാതൃക  പിണറായി വിജയന്‍ എന്തുകൊണ്ട്  നടപ്പാക്കുന്നില്ലെന്നാണ്ഉയരുന്ന ചോദ്യം.

അതേസമയം കള്ളക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ഓഫീസില്‍ നിത്യസന്ദർശകരായിരുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലും പരിസരത്തുമുള്ള സിസിടിവി സംവിധാനത്തിന്‍റെ പോർട്ട് കേടായതിന് പകരം പുതിയത് സ്ഥാപിക്കാൻ തുക അനുവദിച്ചു കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കിയത്.