സ്വർണക്കടത്ത് കേസ് : എൻഫോഴ്‌സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റി; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

Jaihind News Bureau
Monday, August 3, 2020

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതിനെ ചൊല്ലി വിവാദം. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഷൈജന്‍ സി ജോര്‍ജിനെ മാറ്റി പകരം ടി.എ.ഉണ്ണിക്കൃഷ്ണനെ നിയമിച്ചത്.

യാതൊരു കാരണവുമില്ലാതെ തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമാണെന്നും ടി എ ഉണ്ണിക്കൃഷ്ണന്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്നും ഷൈന്‍ സി ജോര്‍ജ് ആരോപിക്കുന്നു. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പണത്തിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം പല പ്രമുഖരിലേക്കും എത്താനിടയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷൽ പ്രോസിക്യൂട്ടറെ എൻഫോസ്മെൻ്റ് മാറ്റിയത്.

സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയല്‍ ചെയ്തത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായ ഷൈജന്‍ സി ജോര്‍ജായിരുന്നു. ഇന്ന് കോടതി ഹര്‍ജി പരിഗണിക്കാനിരിക്കേ ഇന്നലെ രാത്രിയാണ് ഷൈന്‍ സി ജോര്‍ജിനെ സ്ഥാനത്ത് നിന്നും മാറ്റി പകരം കേന്ദ്രസർക്കാര്‍ അഭിഭാഷകനായ ടി എ ഉണ്ണിക്കൃഷ്ണനെ നിയമിച്ച വിവരം അറിയിച്ചത്. താന്‍ തുടര്‍ന്നാല്‍ കേസില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും ഇത് മനസ്സിലാക്കി, തന്നെ മാറ്റാന്‍ രാഷ്ട്രീയ തീരുമാനം എടുക്കുകയായിരുന്നുവെന്നുമാണ് ഷൈജന്‍ സി ജോര്‍ജിന്‍റെ ആരോപണം.

എന്നാല്‍ ഷൈന്‍ സി ജോര്‍ജിനെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ വാദം. നിലവില്‍ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നുണ്ട്. ചിലപ്പോള്‍ പരസ്പരം വൈരുദ്ധ്യമുള്ള കണ്ടെത്തലുകള്‍ക്ക് സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ എല്ലാ ഏജന്‍സികളുടെയും ഏകോപനം അസി. സോളിസറ്റര്‍ ജനറലിനെ ഏല്പ്പിച്ചു. ഇതോടെ, അദ്ദേഹത്തെ സഹായിക്കാന്‍ കേന്ദ്ര അഭിഭാഷകനെ തന്നെ നിയമിക്കേണ്ടി വന്നുവെന്നാണ് എൻഫോഴ്സ്മെൻ്റിൻ്റെ വാദം.