സ്വർണ്ണക്കടത്ത് കേസ്: സന്ദീപ് നായര്‍ ജയില്‍ മോചിതനായി; സ്വപ്നയുടെ കൊഫെപോസ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

Jaihind Webdesk
Saturday, October 9, 2021

 

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ജയില്‍ മോചിതനായി. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് നായർ. കൊഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് സന്ദീപ് നായർ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, എൻഐഎ കേസുകളിൽ നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

കേസിലെ പ്രധാന പ്രതി സ്വപ്നയുടെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. അഡിഷനൽ സോളിസിറ്റർ ജനറൽ പി വിജയകുമാര്‍, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ദയാസിന്ധു ശ്രീഹരി, മുതിര്‍ന്ന അഭിഭാഷകന്‍ എസ് മനു, കൊഫെപോസ ഡയറക്ടര്‍, കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. പൂജവെപ്പ് അവധിക്ക് ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

ഇന്നലെയാണ് സ്വപ്നയുടെ കൊഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വെക്കുന്ന നിയമം സ്വപ്നയ്ക്ക് ബാധകമാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ നേരത്തേ സമാന കേസ് ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.

അതേസമയം കൊഫെപോസ തടവ് കാലാവധി അവസാനിച്ചാലും എൻഐഎ കേസിലുള്ള ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല. ഈ മാസം 26ന് എൻഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്നയും പുറത്തിറങ്ങും.