ശിവശങ്കറിനെതിരായ തെളിവ് ശേഖരണം ശക്തമാക്കി  എൻ.ഐ.എ; സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകം

Jaihind News Bureau
Saturday, July 25, 2020

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിപ്ലോമാറ്റ് സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരായ തെളിവ് ശേഖരണം ശക്തമാക്കി  എൻ.ഐ.എ. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാണ്. അതേസമയം പ്രതിപക്ഷ സമ്മർദ്ദത്തിന്  മുന്നിൽ മുട്ടുമടക്കിയ സർക്കാർ എം ശിവശങ്കറിനെ ബലിയാടാക്കി മറ്റ് ഉന്നതബന്ധങ്ങൾ  മറച്ചു പിടിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാവുകയാണ്.

ശിവശങ്കറിന്‍റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ രണ്ടുമാസത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട  ദൃശ്യങ്ങൾ നൽകാൻ കഴിയില്ലെന്നും സിസിടിവി ഇടിമിന്നലേറ്റ് നശിച്ചുവെന്നുമായിരുന്നു സർക്കാരിന്‍റെ ആദ്യ ന്യായീകരണം. എന്നാൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘം ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈമാറി മുഖം രക്ഷിക്കാനാണ് ഇപ്പോൾ  ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിലെ ദൃശ്യങ്ങളാണ് എൻഐഎ സംഘം ആവശ്യപ്പെട്ടത് എന്നതും  പ്രസക്തമാണ്. സ്വർണക്കടത്ത് നടന്ന ദിവസങ്ങളിലോ  കടത്ത് പിടിക്കപ്പെട്ട ദിവസങ്ങളിലോ,സ്വപ്ന ഒളിവിൽപോയ ദിവസങ്ങളിലോ   സന്ദീപ് നായരോ സരിത്തോ സ്വപ്നയോ സെക്രട്ടേറിയറ്റിലെത്തി  എം.ശിവശങ്കറിനെ കണ്ടിരുന്നോ എന്നത് കേസിൽ നിർണായകമാകുമെന്നാണ്  അന്വേഷണ സംഘത്തിന്‍റെ  വിലയിരുത്തൽ.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് എം ശിവശങ്കർ എൻ.ഐ.എ ക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണ സംഘം  കണ്ടെത്തി. പല ചോദ്യങ്ങൾക്കും മറുപടിയായി എം.ശിവശങ്കർ  പറഞ്ഞത് നുണയാണെന്നും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. മൊഴികളിലെ  വൈരുദ്ധ്യമടക്കം നിരവധി തെളിവുകൾ ലഭിച്ചതോടെ തിങ്കളാഴ്ച കൊച്ചിയിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ എം ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കാൻ തന്നെയാണ് എൻ.ഐ.എ അന്വേഷണ സംഘത്തിന്‍റെ തീരുമാനം.സ്വർണ വേരുകൾ തേടിയുള്ള  എൻ.ഐ.എ അന്വേഷണ സംഘത്തിന്‍റെ യാത്ര ഭരണസിരാ കേന്ദ്രത്തിലേക്ക് നീളുമ്പോൾ കൂടുതൽ ഉന്നതർ കുടുങ്ങും എന്ന് ഉറപ്പാണ്.