സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇഡി; നീക്കം അട്ടിമറി സാധ്യത കണക്കിലെടുത്ത്

Jaihind Webdesk
Wednesday, July 20, 2022

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നീക്കം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസ് ബംഗളുരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള കേസ് ആയതിനാല്‍ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇഡി നീക്കമെന്നാണ് വിവരം.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് നിലവില്‍ കേസുള്ളത്.  കേസ് ബംഗളുരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

കേസില്‍ പി.എസ് സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിങ്ങനെ നാല് പ്രതികളാണുള്ളത്. കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരി‍ന്‍റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ സംസാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിർത്തുന്ന നിരവധി കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴി കഴിഞ്ഞ മാസം ഇഡി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കം.