സ്വർണ്ണക്കടത്ത് : ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം ; സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ നീക്കം

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു.
കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണകേസില്‍ ശിവശങ്കറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ആദ്യപടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തിയതും ഉള്‍പ്പെടെ ഒരു കോടി എണ്‍പത് ലക്ഷം രൂപ കണ്ടു കെട്ടി.

ഈ പണം ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നല്‍കിയെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണം കണ്ട് കെട്ടിയത്. ശിവശങ്കറിന്‍റെ മറ്റ് സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിക്കുന്നതായി ഇന്ന് കോടതിയില്‍ ഇഡി അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവിൽ കാക്കനാട് ജില്ല ജയിലിൽ റിമാന്‍ഡിലാണ്.

Comments (0)
Add Comment