സ്വർണ്ണക്കടത്ത് കേസ് : മൊഴി ചോർന്നതില്‍ ഗൂഢാലോചനയെന്ന് കസ്റ്റംസ് പ്രഥമാന്വേഷണ റിപ്പോർട്ട്

 

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് വകുപ്പുതല അന്വേഷണത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മൊഴിപകർപ്പിന്‍റെ ചില പേജുകൾ മാത്രം ചോർന്നതിൽ ഗൂഢാലോചന ഉണ്ടെന്നാണ് കണ്ടെത്തൽ. കൊച്ചി പ്രിവന്‍റീവ് കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സ്വപ്നയുടെ മൊഴി ചോര്‍ന്നതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എൻ.എസ് ദേവിനെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിൽ നിന്ന് ലീഗൽ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നാലെ, സ്വപ്നയുടെ മൊഴി ചോർന്നത് സംബന്ധിച്ചും എൻ.എസ് ദേവിനെതിരെയും വകുപ്പ് തല അന്വേഷണവും നടത്തി. ഇതിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്. കൊച്ചി പ്രിവന്‍റീവ് കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. മൊഴിപകർപ്പിന്‍റെ ചില പേജുകൾ മാത്രം ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് കണ്ടെത്തൽ.

മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയുള്ള സ്വപ്നയുടെ മൊഴി ചോർന്നതിന് പിന്നാലെയായിരുന്നു ധൃതിപിടിച്ചുള്ള സ്ഥലം മാറ്റവും അന്വേഷണവും നടന്നത്. അനിൽ നമ്പ്യാർക്കെതിരായ മൊഴിയുടെ മൂന്ന് പേജുകൾ ആയിരുന്നു പുറത്തായത്. ഇത് മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. മൊഴിയിലെ ചില ഭാഗങ്ങള്‍ ബി.ജെ.പിയേയും പ്രതിരോധത്തിലാക്കിയിരുന്നു.

കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോര്‍ത്തിയതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായിരുന്ന സി.പി.എം സ്വപ്നയുടെ മൊഴി ചോർന്നത് രാഷ്ട്രീയ ആയുധമാക്കിയിരുന്നു. മൊഴി പുറത്തുവന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയതോടെ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായി. മൊഴി ചോർന്നതിനെകുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കസ്റ്റംസിന് നിർദേശം നൽകുകയായിരുന്നു.

Comments (0)
Add Comment