കണ്ണൂർ : സിപിഎം സൈബർ സഖാക്കളുടെ സ്വർണ്ണക്കടത്ത്, മാഫിയ ബന്ധങ്ങളില്‍ പ്രതിരോധത്തിലായതിനുപിന്നാലെ പാർട്ടിയെ ന്യായീകരിച്ച് കൂടുതല്‍ നേതാക്കള്‍. കേസില്‍ മാധ്യമങ്ങളെ പഴിചാരി സിപിഎം നേതാവ് പി.ജയരാജന്‍ രംഗത്തെത്തി. പ്രതിചേർക്കപ്പെട്ടവരെ പുറത്താക്കിയതാണെന്നും മാധ്യമങ്ങള്‍ കുപ്രചരണം നടത്തുന്നത് പ്രതികളുടെ പഴയ ഫോട്ടോ ഉപയോഗിച്ചെന്നുമാണ് ജയരാജന്‍റെ വാദം. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന് പിന്നാലെയാണ് പി.ജയരാജന്‍റെ പ്രതികരണം.
https://www.facebook.com/pjayarajan.kannur/photos/pcb.3025797507679499/3025794081013175
‘സ്വർണ്ണക്കടത്തുകാർക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിൽ തെളിഞ്ഞ സമയത്ത് തന്നെ അച്ചടക്ക നടപടിയെടുത്ത് അവരെ പുറത്താക്കിയിരുന്നു. മാത്രമല്ല, ഒരു സാമൂഹിക വിപത്ത് എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പാർട്ടിയും പാർട്ടിയുടെ വർഗ-ബഹുജന സംഘടനകളും ചേർന്ന് വ്യാപക പ്രചരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും ചെയ്ത് പുരോഗമനപരമായ നിലപാട് എടുക്കുന്ന സി.പി.എമ്മിനെയും അനുബന്ധ സംഘടനകളെയുമാണ് മാധ്യമങ്ങൾ കുറ്റവാളികളായി ചിത്രീകരിക്കുന്നത്’- ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ അഴീക്കോട് സ്വദേശിയെ ഡിവൈഎഫ്ഐയിൽ നിന്ന് നാല് വർഷം മുന്‍പ് പുറത്താക്കി എന്നും അർജുൻ ആയങ്കിയുടെ പേര് പറയാതെ ജയരാജന്‍ കുറിച്ചു. അർജുന്‍ ആയങ്കിയുടേയും ആകാശ് തില്ലങ്കേരിയുടേയും പേര് പറയാതെയുള്ള പോസ്റ്റിനെതിരെ വ്യാപകവിമർശനമാണുയരുന്നത്.