സ്വർണ്ണക്കടത്ത് കേസ് : കസ്റ്റംസ് അന്വേഷണ സംഘത്തില്‍ മാറ്റം ; നടപടി സ്വപ്നയുടെ മൊഴി ചോർന്നതിന് പിന്നാലെ

 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷിന്‍റെ മൊഴി ചോര്‍ന്നത് വിവാദമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണ സംഘത്തിൽ വീണ്ടും മാറ്റം. അസിസ്റ്റന്‍റ് കമ്മീഷണർ എൻ.എസ് ദേവിനെയാണ് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്.

സ്വപ്നയുടെ മൊഴി ചോര്‍ന്നത് സംബന്ധിച്ച്‌ കസ്റ്റംസ് ഉന്നത കേന്ദ്രങ്ങള്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിൽ നിന്നാണ് എൻ.എസ് ദേവിനെ ലീഗൽ വിഭാഗത്തിലേക്ക് മാറ്റിയത്. മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയുള്ള സ്വപ്നയുടെ മൊഴി ചോർന്നതിന് പിന്നാലെയാണ് ധൃതിപിടിച്ചുള്ള സ്ഥലം മാറ്റം. അനിൽ നമ്പ്യാർക്കെതിരായ മൊഴിയുടെ ഭാഗം മൂന്ന് ആണ് പുറത്തായത്. എൻ.എസ് ദേവിനെതിരെ വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.

സ്വപ്നയുടെ മൊഴിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മൂന്ന് മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മൊഴിയിലെ ചില ഭാഗങ്ങള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനു പിന്നാലെയാണ് കസ്റ്റംസിൽ നടപടി ഉണ്ടായിരിക്കുന്നത്. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോര്‍ന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായിരുന്ന സി.പി.എം അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ ഉപയോഗിച്ച് ബി.ജെ.പിയെ കടന്നാക്രമിക്കുകയാണ്. ഇതിനുപിന്നാലെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര സർക്കാറിനെ സമീപിച്ചത്. മൊഴി പുറത്തുവന്നത് ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണ്ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്. നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച്‌ കോണ്‍സുല്‍ ജനറലിന് കത്ത് നല്‍കാന്‍ തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. മൊഴി ചോർന്നതിനെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കസ്റ്റംസിന് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചിരുന്നു.

Comments (0)
Add Comment