നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വര്‍ണം പിടികൂടി. നെടുമ്പാശേരി വിമാനത്താവളം വഴി കള്ളക്കടത്ത് വർധിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്വർണം പിടികൂടിയത്.
റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. റീചാര്‍ജബിള്‍ ഫാനിന്റേയും സ്പീക്കറിന്റെയും ഉള്ളില്‍ പാളികളാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ മലപ്പുറം സ്വദേശിയിൽ നിന്ന് മൂന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 22 സ്വർണക്കടത്ത് കേസുകളാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് രജിസ്റ്റർ ചെയ്തത്. ഒന്നേകാൽ കോടി രൂപയുടെ വിദേശ കറൻസിയും നെടുമ്പാശേരിയിൽ പിടികൂടിയിട്ടുണ്ട്.
വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് സമീപകാലത്ത് വർധിക്കുന്നതായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നവംബർ ഏഴ് മുതൽ ഈ മാസം ഏഴ് വരെ 22 സ്വർണക്കടത്ത് കേസുകൾ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ മലയാളികളായ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 15.2 കിലോ സ്വർണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 5.2 കോടി രൂപ വിലമതിക്കും.
സ്വർണത്തിന് പുറമെ കള്ളക്കടത്തു സംഘം പ്രധാനമായും സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നത് വിദേശ കറൻസിയും സിഗററ്റുമാണ്. പത്ത് വിദേശ കറൻസി കേസുകൾ കഴിഞ്ഞ ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തു. 1.2 കോടി രൂപയുടെ കറൻസികളാണ് പിടിച്ചത്. മലബാർ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘങ്ങളാണ് വ്യാപകമായി നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണവും കറൻസിയും കടത്തുന്നത്. പിടികൂടിയവരിൽ ഭൂരിഭാഗവും മലബാർ ജില്ലക്കാരുമാണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് സ്വർണക്കടത്തുകാർ നെടുമ്പാശേരിയെ ആശ്രയിച്ച് തുടങ്ങിയത്.