വാക്സിന്‍ വിതരണത്തില്‍ വിവേചനം ; കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, April 20, 2021

ന്യൂഡല്‍ഹി : കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്ര സർക്കാരിന്‍റെ അലംഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. വാക്സിന്‍ വിതരണത്തില്‍ കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പോലും 18 മുതല്‍ 45 വയസ്  വരെയുള്ളവർക്ക് വാക്സിന്‍ നല്‍കുന്നില്ല. ദുർബല വിഭാഗങ്ങൾക്ക് വാക്സിൻ ഗ്യാരണ്ടി ഇല്ല. കേന്ദ്ര സർക്കാരിന്‍റേത് വിവേചനമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം ബിജെപി നേതാക്കള്‍ വാക്സിന്‍ പൂഴ്ത്തുന്നുവെന്നും നിലവിലെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തങ്ങളുടെ സ്വന്തക്കാർക്ക് വാക്സിന്‍ ലഭ്യമാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസിന്‍റെ 22 വയസുള്ള അന്തരവന്‍ തന്മയ് ഫട്നാവിസ് വാക്സിന്‍ സ്വീകരിച്ചത് വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്ത് വാക്സിന് വേണ്ടി ആളുകള്‍ നെട്ടോട്ടമോടുമ്പോഴാണിത്.

നിലവില്‍ രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കുന്നുള്ളൂ എന്നിരിക്കെയാണ് സംഭവം വിവാദമായിരിക്കുന്നത്. തന്മയ് ഫട്നാവിസിന് എങ്ങനെ വാക്സിന്‍ ലഭിച്ചു എന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ ആവശ്യപ്പെട്ടു. തന്മയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. എന്ത് നിയമത്തിന്‍ റെ അടിസ്ഥാനത്തിലാണ് 45 വയസില്‍ താഴെയുള്ള ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് വാക്സിന്‍ ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് ശ്രീവാസ്തവ പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടു.