അമിത ഫീസെന്ന് പരാതി, പോയി ചാകാന്‍ പറഞ്ഞ് മന്ത്രി ; മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധം

ഭോപ്പാല്‍ : കൊറോണക്കാലത്തും സ്വകാര്യ സ്‌കൂളുകളില്‍ കൊള്ള ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് പരാതിപറയാനെത്തിയവരോട് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുടെ മനുഷ്യത്വരഹിതമായ മറുപടി. പോയി ചത്തോളാനായിരുന്നു മന്ത്രിയുടെ ഉപദേശം. വിവാദ പ്രതികരണത്തിനെതിരെ സ്കൂള്‍ വിദ്യാഭ്യാസമന്ത്രി  ഇന്ദര്‍ സിംഗ് പര്‍മാറിനെതിരെ മധ്യപ്രദേശില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. പര്‍മാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അമിത ഫീസ് സംബന്ധിച്ച പരാതിയുമായെത്തിയ രക്ഷിതാക്കളോടായിരുന്നു മന്ത്രിയുടെ  ക്രൂരമായ പെരുമാറ്റം. ഫീസ് കൊടുക്കാനാവില്ലെങ്കില്‍ പോയി ചത്തോളാന്‍ മന്ത്രി രോഷാകുലനായി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. മധ്യപ്രദേശ് പാലക് മാഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ്  മന്ത്രിയുടെ വസതിയില്‍ പരാതി പറയാനായി എത്തിയത്. ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിത ഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ ഹൈക്കോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന് ഫീസ് ഈടാക്കുന്നത് തുടരുകയാണ് ചെയ്യുന്നത്.

പര്‍മാര്‍ രാജി വെക്കണമെന്നും രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം മന്ത്രിസഭയില്‍ നിന്ന് പര്‍മാറിനെ പുറത്താക്കണമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘നാണം കെട്ട’ മനുഷ്യനാണ് പര്‍മാറെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പ്രതികരിച്ചു. രക്ഷിതാക്കളോട് മന്ത്രി മാപ്പ് പറയണമെന്നും പരാതി പരിഗണിക്കാന്‍ തയാറാവാത്ത പക്ഷം പര്‍മാര്‍ രാജി വെക്കണമെന്നും പാലക് മാഹാസംഘ് പ്രസിഡന്‍റ് കമല്‍ വിശ്വകര്‍മയും ആവശ്യപ്പെട്ടു.

ഇന്ദര്‍ സിംഗ് പര്‍മാര്‍
Comments (0)
Add Comment