അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പ്രോജക്റ്റിന് പുനർഅംഗീകാരം നൽകണം: മന്ത്രിയെ നേരിൽ കണ്ട് നിവേദനം നല്‍കി എംപിയും എംഎൽഎയും

 

ന്യൂഡൽഹി : അങ്കമാലി, അയ്യമ്പുഴയിൽ 400 ഏക്കറിൽ നടപ്പിലാക്കാൻ പദ്ധതിയിട്ട ഗ്ലോബൽ സിറ്റി പ്രോജക്റ്റിന് പുനർഅംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും റോജി എം. ജോൺ എംഎൽഎയും ചേർന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലിനെ നേരിൽ കണ്ട് കത്ത് നൽകി. ചാലക്കുടി മണ്ഡലത്തിനും കേരള സംസ്ഥാനത്തിനും ഒന്നടങ്കം വാണിജ്യ മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന ഗ്ലോബൽ സിറ്റി പ്രോജക്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന താമസ, വാണിജ്യ, വ്യവസായ മേഖലകൾ അടങ്ങിയ ടൗൺഷിപ്പ് രൂപകൽപ്പന ചെയ്യുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക സ്ഥലങ്ങൾ ഇവിടെ ഒരുങ്ങും.

കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, തൊഴിൽ അവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഈ പ്രോജക്റ്റിന് വലിയ സാധ്യതകളുണ്ടെന്നും ആയതിനാൽ ഗ്ലോബൽ സിറ്റി പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം വേഗത്തിൽ ലഭ്യമാക്കണമെന്നും എംപിയും എംഎൽഎയും സംയുക്തമായി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

2020 ആഗസ്റ്റ് 19-ന് ഈ പ്രോജക്റ്റിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കൽ വൈകിയതോടുകൂടി അംഗീകാരം നഷ്ടമായി. എന്നാൽ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ഇപ്പോൾ സംസ്ഥാന സർക്കാർ പൂർത്തീകരിച്ചിരിക്കുകയാണ്.

Comments (0)
Add Comment