മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയും സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീതാ ഗോപിനാഥ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുമായി ഗീതാ ഗോപിനാഥ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. രാജ്യത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.
നിലവില്‍ അന്താരാഷ്ട്ര നാണയനിധിയിലെ (ഐ.എം.എഫ്) റിസര്‍ച്ച് വിഭാഗം ഡയറക്ടറാണ് ഗീതാ ഗോപിനാഥ്. തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമാണെന്നും അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും നേരത്തെ ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയതായും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുടര്‍ന്നും സഹകരിക്കുമെന്നും ഗീതാ ഗോപിനാഥ് പറയുന്നു.
ഇന്ത്യയുടെ സാമ്പത്തികനില വിചാരിച്ചതിലും കടുത്ത പ്രതിസന്ധിയിലാണെന്ന് ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിലെ പാളിച്ചകളാണെന്ന് ഗീതാ ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നയങ്ങള്‍ നടപ്പിലാക്കുന്നതിലെ കെടുകാര്യസ്ഥത രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണ്. പരിഷ്കാരങ്ങള്‍ ആസൂത്രണം ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് അത് വ്യക്തതയോടെ പ്രാബല്യത്തിലാക്കുന്നത്. എന്നാല്‍ ഇതില്‍ പലപ്പോഴും ഇതില്‍ പാളിച്ചകള്‍ സംഭവിക്കുന്നുവെന്ന് ഗീതാഗോപിനാഥ് വ്യക്തമാക്കി. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതില്‍ ജി.എസ്.ടിക്കും നിര്‍ണായക സ്ഥാനമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് ഐ.എം.എഫിലെ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി നിയമനം ലഭിച്ചതോടെയാണ് സ്ഥാനം ഒഴിഞ്ഞത്. 2016 ജൂലൈയിലാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയാനന്തര പുനർനിര്‍മാണം എന്നീ ഘട്ടങ്ങളിലൊക്കെ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയുമായി ഗീതാ ഗോപിനാഥ് കൂടിക്കാഴ്ച നടത്തിയത്.