തിരുവനന്തപുരത്ത് കുത്തേറ്റ ഇരുപതുകാരി മരിച്ചു

Jaihind Webdesk
Tuesday, August 31, 2021

തിരുവനന്തപുരം : നെടുമങ്ങാട്ട് ആണ്‍ സുഹൃത്തിന്‍റെ കുത്തേറ്റ ഇരുപതുകാരി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. നെടുമങ്ങാട് ഉഴപ്പാക്കോണത്ത് കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദാരുണ സംഭവം.

യുവതിയും കുടുംബാംഗങ്ങളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേയ്ക്ക് പ്രതി അരുണ്‍ അടുക്കളവഴി അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്നാണ് മൊഴി. തടസം പിടിച്ച അംഗപരിമിതിയുളള യുവതിയുടെ അമ്മയ്ക്കും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.

യുവതിയുടെ സുഹൃത്തായിരുന്നു അരുണ്‍. അടുത്തകാലത്ത് ഇരുവരും പിണക്കത്തിലായി. യുവതി അരുണിനെതിരെ പൊലീസിലും പരാതി നല്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.