തൃശൂരില്‍ യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി

Jaihind Webdesk
Thursday, April 4, 2019

തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിയായ വടക്കേക്കാട് സ്വദേശി നിതീഷിനെ (32) കസ്റ്റഡിയില്‍ എടുത്തു.

കൊടകര ആക്സിസ് എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. രാവിലെ ഏഴുമണിക്ക് വീട്ടിലേക്ക് കയറി വന്ന യുവാവ്  കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഏറെ നാളായി യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബൈക്കില്‍ എത്തിയ അക്രമി പിന്‍വാതിൽ വഴിയാണ് വീട്ടില്‍ കയറിയതെന്ന് സംശയിക്കുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേയ്ക്കും ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ നിതീഷിനെ കീഴ്പ്പെടുത്തിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുമെന്ന് വ്യക്തമാക്കി.

അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതിന് ശേഷം അച്ഛനും ഉപേക്ഷിച്ചുപോയതോടെ മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് നീതു കഴിഞ്ഞിരുന്നത്.[yop_poll id=2]