പോലീസും ശിശുക്ഷേമ സമിതി അംഗങ്ങളും വിശാഖപട്ടണത്തേക്ക്; കുട്ടിയെ ഏറ്റുവാങ്ങും

 

തിരുവനന്തപുരം: വിശാഖപട്ടണത്തുനിന്നു കണ്ടെത്തിയ പതിമൂന്നുകാരിയെ നാട്ടിലെത്തിക്കുന്നതിനായി പോലീസ് സംഘം പുറപ്പെട്ടു. കുട്ടിയെ ഇന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും. വീട്ടുകാരോട് പിണങ്ങി കഴക്കൂട്ടത്തെ വീടുവിട്ട അസം സ്വദേശിനിയായ കുട്ടിയെ വിശാഖപട്ടണത്ത് ട്രെയിനിൽ നിന്നും കണ്ടെത്തിയത് മലയാളി അസോസിയേഷൻ പ്രവർത്തകരാണ്. 37 മണിക്കൂർ നീണ്ടുനിന്ന ഉദ്യോഗജനകമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽആർപിഎഫിന്‍റെ സംരക്ഷണയിലുള്ള കുട്ടിയെ കേരളത്തിൽ നിന്നുള്ള പോലീസ് സംഘം ഏറ്റുവാങ്ങും. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ടുവരുന്ന കുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്ക് കൈമാറും. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേരാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്. നിലവിൽ ചെന്നൈയിലുള്ള പോലീസ് സംഘവും വിശാഖപട്ടണത്തേക്ക് എത്തും.

അസം സ്വദേശിയായ പതിമൂന്നുകാരി വീട്ടുകാരോട് പിണങ്ങിയാണ് വീടുവിട്ടതെന്നാണ് നിഗമനം. കയ്യില്‍ 40 രൂപയുമായാണ് കുട്ടി ട്രെയിൻ കയറിയത്. താംബരം-സാന്ദ്രഗച്ചി എക്സ്പ്രസിന്‍റെ ബെർത്തിൽ കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്ത് വെച്ച് തിരിച്ചറിഞ്ഞതും അവിടെയിറക്കിയതും മലയാളി അസോസിയേഷൻ പ്രതിനിധികളാണ്. ശേഷം ആർപിഎഫിന് കൈമാറി. രാവിലെ ചൈൽഡ് ലൈന്‍ പ്രവർത്തകർക്ക് കൈമാറും. ഇന്ന് പുലർച്ചെ കേരളാ പോലീസിന്‍റെ ഒരു സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഐലൻഡ് എക്സ്പ്രസിൽ കയറിയ കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയെങ്കിലും അതേ ട്രെയിനിൽ തിരിച്ചുകയറി ചെന്നൈ എഗ്മോറിലേക്ക് പോയതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇന്നലെ വ്യക്തമായിരുന്നു.

ചെന്നൈ എഗ്മോറിൽ നിന്ന് ഇന്നലെ രാവിലെ 8.11-ന് കുട്ടി ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള ട്രെയിനിൽ കയറി. രാത്രി 10.12-ന് വിശാഖപട്ടണത്തെത്തിയ ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരമുണ്ട്. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്‍റെ അവകാശവാദം. മലയാളി അസോസിയേഷൻ പ്രതിനിധികൾ ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിന്മാറുകയായിരുന്നു.  രണ്ടു ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ ക്ഷീണിതയായിരുന്നു. ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുട്ടി കുടിച്ചത്. അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു.

Comments (0)
Add Comment