ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെയും പ്രതിയെയും മുംബൈയില്‍ കണ്ടെത്തി

Jaihind Webdesk
Tuesday, March 26, 2019

Oachira-Girl-missing-case

കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നാടോടികുടുംബത്തിലെ പെണ്‍കുട്ടിയെയും സംഭവത്തിലെ മുഖ്യപ്രതിയും സിപിഎം നേതാവിന്‍റെ മകനുമായ മുഹമ്മദ് റോഷനെയും കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരെയും കേരള പൊലീസ് സംഘം കണ്ടെത്തിയത്.  അതേസമയം, തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും തട്ടിക്കൊണ്ട് പോയ റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഇരുവരെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം ബെംഗലൂരുവിലേക്ക് പോയെങ്കിലും രണ്ട് ദിവസം അവിടെ താമസിച്ചതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. ഇവിടെ നിന്നാണ് മഹാരാഷ്ട്രയിലെത്തുന്നത്.

ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ രൂപയുണ്ടായിരുന്നു. നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ല. രണ്ടു പേരും ഫോൺ ഉപയോഗിക്കാതിരുന്നതും ഇവരെ പിന്തുടരുന്നതിന് തടസ്സമായി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്. എങ്കിലും ഇവര്‍ നാട്ടിലേക്ക് വിളിച്ച ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് കേരള പൊലീസ് സംഘം മുംബൈയിൽ എത്തിയത്. നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം.

അതിനിടെ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

സിപിഐ മേമന ബ്രാഞ്ച് സെക്രട്ടറി നവാസിൻറെ മകൻ റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് . വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിലെ പ്രതികളിൽ രണ്ട് പേർ ചൊവ്വാഴ്ച തന്നെ പിടിയിലായിരുന്നു. ഓച്ചിറ സ്വദേശികളായ ബിബിൻ, അനന്തു എന്നിവരാണ് പൊലീസ് പിടിയിലായത്. അക്രമികൾ സഞ്ചരിച്ചിരുന്ന കാറും കായംകുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, പ്രതികളെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് ആരോപണം ശക്തമാണ്. പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം പോലും തുടങ്ങിയത്.

വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് 19ന്  രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.