തിരുവനന്തപുരം: തലസ്ഥാനത്ത് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ ജോര്‍ജ് കുട്ടി തെളിവെടുപ്പിനെ എക്‌സൈസ് സംഘത്തെ വെട്ടിച്ചു കടന്നു. ബംഗളൂരുവിലെ തെളിവെടുപ്പിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. 20 കോടിയുടെ ഹാഷിഷ് ഓയിലുമായാണ് കഴിഞ്ഞദിവസം ഇയാള്‍ തിരുവനന്തപുരത്ത് പിടിയിലായത്. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തിന്റെ മുഖ്യസൂത്രധാരനാണ് ജോര്‍ജ് കുട്ടി. പലതവണ പോലീസിനെ ആക്രമിച്ച് രക്ഷപെട്ട ചരിത്രമുള്ള ജോര്‍ജ് കുട്ടിയെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴുള്ള സുരക്ഷയെക്കുറിച്ച് ചോദ്യം ഉയരുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വില്‍പനയ്ക്കു ബംഗളുരുവില്‍ നിന്നും ആഡംബര കാറില്‍ കടത്തി കൊണ്ടുവന്ന മയക്കു മരുന്നുകളാണ് തിരുവനന്തപുരത്ത് കോവളം- കഴക്കൂട്ടം ബൈപാസില്‍ വാഴമുട്ടം ഭാഗത്ത് വച്ച് എക്സൈസ് സംഘം പിടികൂടിയത്.
കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിര്‍മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 20 ഗ്രാം ഹാഷിഷ് ഓയില്‍, 2.500 കിലോ കഞ്ചാവ്, 240 ഗ്രാം ചരസ് എന്നീ മയക്കു മരുന്നുകളാണ് പിടികൂടിയത്.
മയക്കു മരുന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ ഓണംതുരുത്ത് വില്ലേജില്‍ ചക്കുപുരക്കല്‍ വീട്ടില്‍ ജോസഫ് മകന്‍ 34 വയസുള്ള ജി.കെ. എന്ന അപര നാമത്തിലാണ് ജോര്‍ജ് കുട്ടി അറിയപ്പെടുന്നത്. പോലീസ് ഓഫീസറെ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് ഇയാള്‍. ബംഗളുരുവില്‍ വന്‍തോതില്‍ ഹാഷിഷും കഞ്ചാവും ചരസും എത്തിച്ച ശേഷം കൂട്ടാളികള്‍ മുഖാന്തരം കേരളത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജി.കെ യുടെ പതിവ്.