രണ്ടരലക്ഷം ബിജെപി നല്‍കിയതില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിെയന്ന് കെ സുന്ദര ; അന്വേഷണസംഘം രേഖകള്‍ ശേഖരിച്ചു

Jaihind Webdesk
Saturday, June 12, 2021

​കാസര്‍കോട് : മഞ്ചേശ്വരത്തെ കോഴ കേസിൽ ബിജെപിയില്‍ നിന്ന്  ലഭിച്ച രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് കെ സുന്ദരയുടെ മൊഴി. പണം സൂക്ഷിക്കാൻ വേണ്ടിയാണ് സുഹൃത്തിന് നൽകിയതെന്നാണ് സുന്ദര പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ബാങ്ക് വഴിയാണ് പണം കൈമാറ്റം നടന്നിരിക്കുന്നത്. ഈ പണം സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്‌മാര്‍ട്ട് ഫോണും ലഭിച്ചുവെന്നാണ് സുന്ദര മൊഴി നല്‍കിയിരുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്‍റെ വില ഒമ്പതിനായിരത്തില്‍ താഴെയാണ്. മൊബൈല്‍ വാങ്ങിയ കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ ഹാര്‍ഡ് ഡിസ്‌കില്‍ ഒരു മാസത്തോളം മാത്രമേ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനാകൂ. ഫോണ്‍ വാങ്ങിയത് കഴിഞ്ഞ മാര്‍ച്ച് 22നാണ്.

സുന്ദരയുടെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ സുന്ദരയുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വാണി നഗറിലെ വീട്ടിലെത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴിയെടുത്തത്. അതിനിടെ മജിസ്‌ട്രേറ്റിന് മുമ്പാകെ സുന്ദരയുടെ രഹസ്യ മൊഴി എടുക്കാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.