ഗാസയ്ക്ക് മേല്‍ ആക്രമണം തുടര്‍ന്നാല്‍ നോക്കിനില്‍ക്കില്ല; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

Jaihind Webdesk
Monday, October 16, 2023


ഗാസയ്ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ചക്കാരായി നില്‍ക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ഇസ്രയേലിനെ തടയാന്‍ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നുണ്ട്.

ഇസ്രയേല്‍ ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഗാസ എന്നും കയ്യടക്കി വെക്കാനോ അവിടെ സ്ഥിരമായി തങ്ങാനോ ഉദ്ദേശമില്ലെന്ന് യുഎന്നിലെ ഇസ്രയേല്‍ വക്താവ് വ്യക്തമാക്കി. നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ ചൊല്ലി അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളില്‍ കടന്ന് ഇസ്രയേല്‍ സൈന്യത്തിന് കനത്ത ആള്‍നാശം ഉണ്ടായാല്‍ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിന്‍ നെതന്യാഹുവിനുണ്ട്.

ഗാസയ്ക്കുള്ളില്‍ ഹമാസ് തടവിലാക്കിയിരിക്കുന്ന 120 ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന് മറ്റൊരു തടസം. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെ അവിടുത്തെ ചില മേഖലകളില്‍ നിന്ന് ജനങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചു തുടങ്ങി.ഗാസയ്ക്കുള്ളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വടക്കന്‍ ഗാസയില്‍നിന്ന് അഞ്ചുലക്ഷം പേര്‍ വീടുവിട്ടു. ലക്ഷക്കണക്കിനാളുകള്‍ തെരുവിലാണ്. ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ധനം കൂടി ഇന്ന് തീരുമെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.