ചെന്നൈ: തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കേസില്‍ കേരളത്തിനു വീണ്ടും വിമര്‍ശനം. ദേശീയ ഹരിത ട്രൈബ്യൂണലാണ് കേരളത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെയും ഹോട്ടലുകള്‍ക്കെതിരെയും എന്ത് നടപടി എടുത്തുവെന്നായിരുന്നു ചോദ്യം. എന്തുകൊണ്ടാണ് ഹോട്ടലുകള്‍ അടച്ചുപൂട്ടാത്തതെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.
വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും നോട്ടിസ് നല്‍കിയെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും ഇത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന സംഭവമാണെന്നും കര്‍ശന നടപടി വേണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 20ലേക്ക് മാറ്റി. മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നും പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്‍റെ ദക്ഷിണ ബെഞ്ച് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.