പോലീസുകാർക്ക് ​വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്; എസ്‌ഐയെ കണ്ട ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു

 

എറണാകുളം: കൊച്ചിയിൽ ഗുണ്ടാ നേതാവിന്‍റെ സൽക്കാര വിരുന്നിൽ ആലപ്പുഴ ഡിവൈഎസ്പി. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്പി എം.ജി. സാബുവും പോലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ എസ്ഐ യെ കണ്ടതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാബുവും രണ്ട് പോലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. ഇതോടെ പോലീസ് ഗുണ്ടാ മാഫിയ ബന്ധം മറനീക്കി പുറത്ത് വന്നു.

സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്‍റെ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു റെയ്‍ഡ്.

പോലീസുകാരാണ് ഗുണ്ടയുടെ ആതിഥ്യം സ്വീകരിക്കാനെത്തിയത് എന്നറിഞ്ഞതോടെ അങ്കമാലി പോലീസ് ഇക്കാര്യം റൂറൽ എസ്പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പോലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്പിക്കും പോലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.

 

Comments (0)
Add Comment