ഗണേഷിന്‍റെ ആദ്യ ടേം തെറിച്ചത് സ്വത്തുതര്‍ക്കത്തില്‍; മുഖ്യമന്ത്രിക്ക് പരാതിയുമായി സഹോദരി, തെളിവുകള്‍ പുറത്തുവിടുമെന്ന് ഭീഷണി

Jaihind Webdesk
Tuesday, May 18, 2021

മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേഷ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നിൽ കുടുംബ തർക്കങ്ങളാണെന്ന് സൂചന. കുടംബ സ്വത്ത് ഗണേഷ് കുമാർ കൃത്രിമ മാർഗത്തിലൂടെ തട്ടിയെടുത്തു എന്ന സഹോദരിയുടെ പരാതി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി.

ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ ഗണേഷിന്‍റെ സഹോദരി ഉഷാ മോഹൻ‌ദാസിന്‍റെ പേരില്ല എന്നതാണ് വിവാദമായിരിക്കുന്നത്. ഇതിന് പിന്നില്‍ ഗണേഷ്കുമാറിന് പങ്കുണ്ടെന്ന് സഹോദരിയും ഭര്‍ത്താവും സംശയിക്കുന്നു. കഴിഞ്ഞ മെയ് 15 ന് ഉഷയും ഭര്‍ത്താവും മോഹന്‍ദാസും മുഖ്യമന്ത്രിയെ കണ്ടതായാണ് വിവരം. വില്‍പത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവര്‍ ഗണേഷിനെ മന്ത്രിയാക്കിയാല്‍ നിരവധി തെളിവുകള്‍ പുറത്തുവിടുമെന്നും അറിയിച്ചു. സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ ഗണേഷിന്‍റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി.

ഇതനുസരിച്ച് ഗണേഷ് കുമാറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയാണ് വിവരം. ആദ്യം കുടുംബപ്രശ്നം പരിഹരിക്കാനാണ് നല്‍കിയ നിര്‍ദേശമെന്നും അറിയുന്നു. കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് ടേം അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് (എസ്) എന്നിവരാണ് മന്ത്രിസ്ഥാനം പങ്കിടുന്ന മറ്റ് കക്ഷികള്‍.