ഇന്ന് ഗാന്ധിജയന്തി… രാഷ്ട്രപിതാവിന്‍റെ സ്മരണയില്‍ രാജ്യം

ഇന്ത്യൻ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്‍റെ സ്മരണയിൽ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് രാജ്യം ഗാന്ധി ജയന്തി ആചരിക്കുന്നത്. ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന നിരവധി പ്രശ്‌നങ്ങളിലൂടെ രാജ്യം കടന്നുപോകവെയാണ് ഒരു ഗാന്ധി ജയന്തി ദിനം കൂടി എത്തുന്നത്.

1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വീമ്പ് പറഞ്ഞ് നടന്ന ബ്രിട്ടീഷുകാരന്‍റെ മുഷ്‌കിനെ അഹിംസാ വ്രതത്തിലൂടെ പിടിച്ചു കുലുക്കിയ മഹാത്യാഗി. ഓരോ ഇന്ത്യക്കാരന്‍റെയും ആത്മാഭിമാനത്തിന്‍റെ പ്രതീകമെന്നൊന്നുണ്ടെങ്കിൽ അത് ഗാന്ധിജിയാണ്. ഭാരത സ്വാതന്ത്ര്യത്തിനായും മാനവ മൈത്രിക്കായും അദ്ദേഹം നയിച്ച ജീവിതചര്യ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയവയാണ്. 1920-22 കാലഘട്ടത്തിൽ നിസഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാധികാരികളെ അങ്കലാപ്പിലാഴ്ത്താൻ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങൾ സ്‌കൂളുകളും കോളേജുകളും കോടതികളും ബഹിഷ്‌കരിച്ചു. നിസഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഭരണാധികാരികൾ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു.

1930-31 കാലഘട്ടത്തിലെ ഉപ്പു സത്യാഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഉപ്പ് നിർമ്മിക്കുന്നത് സർക്കാരിന്‍റെ കുത്തകയാക്കിയ നടപടിക്കെതിരെ ഗാന്ധിജി നടത്തിയ പ്രക്ഷോഭമായിരുന്നു അത്. എഴുപത്തിയൊമ്പത് അനുയായികൾക്കൊപ്പം സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയെന്ന തീരപ്രദേശത്തേക്ക് യൗവനത്തിന്‍റെ ചുറുചുറുക്കോടെ അറുപത്തിരണ്ടുകാരനായ ഗാന്ധി നടത്തിയ യാത്ര ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വർണോജ്വലമായ ഏടാണ്.

‘തൊട്ടുകൂടാത്തവരെ’ ഒഴിച്ചു നിർത്തി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയും ഗാന്ധിജി അഹിംസയുടെ പാതയിൽ പടപൊരുതി. ഹിന്ദു-മുസ്ലീം ഐക്യത്തിൽ അടിയുറച്ചുനിന്ന ഗാന്ധിജി തൊട്ടു കൂടാത്തവരെ ‘ഹരിജനങ്ങൾ’ എന്ന് സംബോധന ചെയ്തത് മറ്റൊരു മാറ്റത്തിന്‍റെ തുടക്കമായി. ഗാന്ധിജി ആരംഭിച്ച ‘ഹരിജൻ’, ‘ഹരിജൻ-സേവക്’, ‘ഹരിജൻ-ബന്ധു’ എന്നീ പ്രസിദ്ധീകരണങ്ങളും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രത്തിന് തിരിച്ചടിയായി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

1948 ജനുവരി 30ന് ഒരു പ്രാർത്ഥനാ യോഗത്തിനിടയിൽ ഗാന്ധിജിയെ വെടിയുണ്ടക്കിരയാക്കിയ നാഥുറാം ഗോഡ്‌സെയെ മഹത്വവത്ക്കരിക്കുന്ന സർക്കാരാണ് ഇന്ത്യഭരിക്കുന്നതെന്ന വിമർശനം ഇന്ന് ശക്തമായി നിലനില്‍ക്കുന്നു. രാജ്യത്തിനകത്ത് ഇത്തരം നീക്കങ്ങൾ തുടരവെ ഐക്യ രാഷ്ട്ര സഭയും ലോകമെമ്പാടും ഈ ദിനം അഹിംസാ ദിനമായി ആചരിക്കുന്നത് ഗാന്ധിയൻ തത്വങ്ങൾ അംഗീകരിക്കപ്പെടുന്നതിന്‍റെ തെളിവുകളാണ്.
ഇന്നും ലോകമെമ്പാടും ഗാന്ധിയൻ തത്വങ്ങൾ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. ഭാരതത്തിൽ ജനിച്ച് ലോകത്തിന് മുഴുവൻ പ്രകാശമായിത്തീർന്ന ആ മഹാത്മാവിന്‍റെ ജന്മദിനം ഇന്ന് നാടെങ്ങും ആഘോഷിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ട് പുളകം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്. ഭാരതത്തിന്‍റെ ഓരോ ശ്വാസത്തിലും ഇന്നും ബാപ്പുജി ജീവിക്കുന്നു.

Gandhi Jayanthimahathma gandhi
Comments (0)
Add Comment