മോദിയ്ക്ക് ഗഡ്കരിയുടെ മുന്നറിയിപ്പ്: പൊള്ള വാഗ്ദാനങ്ങള്‍ക്ക് ജനത്തിന്‍റെ തിരിച്ചടിയുണ്ടാകും

പ്രധാനമന്ത്രിക്കും ബിജെപി നേതൃത്വത്തിനും എതിരെ വീണ്ടും ഒളിയമ്പുമായി കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി. നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ രാഷ്ട്രീയക്കാർ ജനത്തിനു നൽകാവൂ എന്നാണ് ഗഡ്ഖരിയുടെ മുന്നറിയിപ്പ്.

നരേന്ദ്രമോദി നിധിൻ ഗഡ്ഗരി ബന്ധം വഷളാവുന്നതിന്റെ സൂചനകൾ നൽകുന്നതാണ് പുതിയ പ്രസ്താവന. ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ എത്തിയ പ്രസ്താവനയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയലോകം കാണുന്നത്. 2014ൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണു ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്ന്, മുൻ ദേശീയ അധ്യക്ഷൻ കൂടിയായ നിതിൻ ഗഡ്കരി തുറന്നു സമ്മതിച്ചിരുന്നു. ഇതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പാണ് അടുത്ത പൊട്ടിത്തെറി. എല്ലാ രാഷ്ട്രീയക്കാർക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമർശമെങ്കിലും ബിജെപിയാണു ലക്ഷ്യമെന്നാണു സൂചന. വാഗ്ദാനങ്ങൾ പാലിക്കുന്നവരെ ജനങ്ങൾക്ക് ഇഷ്ടമാണ്.

എന്നാൽ ഇതേ നേതാക്കാൾ വാഗ്ദാന ലംഘനം നടത്തിയാൽ, ജനം പ്രഹരിക്കും. അതിനാൽ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങൾക്കു നൽകാവൂ. സ്വപ്നങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാൻ. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂവെന്നും മുംബൈയിൽ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എറ്റെടുക്കാൻ നേതൃത്വം തയാറാവണമെന്നു ഗഡ്കരി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ഈ പ്രസ്താവന കനത്ത തിരിച്ചടിയാകുമെന്നുറപ്പ്.  ഗഡ്ഗരി മോദിക്കെതിരെ ആഞ്ഞടിക്കുമ്പോൾ പാർട്ടിയുടെ ഭാവി ശുഭകരമല്ല എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്നായിരുന്നു പ്രസ്താവനയോടുള്ള എഐഎംഐഎം നേതാവ് അസദുദ്ദീൻ‌ ഒവൈസിയുടെ പ്രതികരണം.

narendra modiNithin Gadkari
Comments (0)
Add Comment