മന്ത്രിസഭയില്‍ ഐസക് ഒറ്റപ്പെടുന്നു ? കെഎസ്എഫ്ഇ റെയ്ഡില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ തള്ളിപ്പറഞ്ഞ് സുധാകരനും ; ‘പരിശോധന സ്വാഭാവികം’

Jaihind News Bureau
Tuesday, December 1, 2020

Thomas-Issac

 

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി.സുധാകരന്‍. പരിശോധന സ്വാഭാവികമെന്നും തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. ഇത് മന്ത്രിമാരെ ബാധിക്കുന്നതല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരൻ വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ വാദങ്ങളെ മുഖ്യമന്ത്രിയും ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. തന്‍റേതടക്കമുള്ള വകുപ്പുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. അന്നൊന്നുമുണ്ടാകാത്ത പ്രതിഷേധം കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് കയറുമ്പോള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

അതേസമയം വിജിലന്‍സ് റെയ്ഡില്‍ തോമസ് ഐസക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനും അതൃപ്തി. അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍ രേഖപ്പെടുത്തി പരിഹരിക്കേണ്ടിയിരുന്നു എന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. വിഷയം പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിച്ഛായ നഷ്ടം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ അച്ചടക്ക നടപടികളിലേക്ക് പോകേണ്ടതില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.