‘ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണി’ ; പാര്‍ട്ടി അന്വേഷണത്തിനെതിരെ ജി.സുധാകരന്‍ ; കവിതയിലൂടെ പ്രതിഷേധം

Jaihind Webdesk
Sunday, August 8, 2021

തിരുവനന്തപുരം : പാര്‍ട്ടി അന്വേഷണത്തില്‍ പരസ്യപ്രതിഷേധവുമായി ജി.സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലൂടെയാണ് സുധാകരന്റെ പ്രതിഷേധം. ‘നേട്ടവും കോട്ടവും’ എന്ന പേരില്‍ എഴുതിയ കവിതയില്‍ ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണെന്ന് സുധാകരന്‍ പറയുന്നു. ആകാംഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയില്‍ ജി.സുധാകരനെതിരെ സിപിഎം അന്വേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സുധാകരന്‍ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന സമിതി യോഗത്തിലും   സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു.

അമ്പലപ്പുഴയിലെ പ്രചാരണത്തിന് സ്ഥലം മുന്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി സുധാകരനില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം ആണ് പരാതി ഉന്നയിച്ചത്. ചില കേന്ദ്രങ്ങളില്‍ നിന്ന് താന്‍ എസ്ഡിപിഐ ആണെന്ന പ്രചാരണവും ഉണ്ടായെന്നും സലാം പരാതിപ്പെട്ടു. ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.