ഇറങ്ങി പോയതല്ല; മറ്റൊരു പരിപാടി ഉണ്ടായിരുന്നു; വിശദീകരണവുമായി ജി. സുധാകരന്‍

 

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് സിപിഐഎം നേതാക്കളും മന്ത്രി സജി ചെറിയാനും പങ്കെടുക്കാനിരുന്ന പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയതിൽ വിശദീകരണവുമായി മുൻ മന്ത്രി ജി. സുധാകരൻ. 10 മണിക്ക് തീരുമാനിച്ച പരിപാടിയിൽ ഏറെ നേരമായിട്ടും മറ്റുള്ളവർ എത്തിയില്ല. 12 മണിക്ക് മറ്റൊരു പരിപാടിയുടെ ഉദ്ഘാടകനായതുകൊണ്ടാണ് താൻ വേദി വിട്ടതെന്നും ജി. സുധാകരൻ.

ഹരിപ്പാട് സിബിസി വാര്യർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയതിലാണ് മറ്റൊരു വേദിയിൽ ജി. സുധാകരൻ വിശദീകരണം നൽകിയത്. 10 മണിക്ക് നിശ്ചയിച്ച പരിപാടിയിൽ പത്തേമുക്കാൽ ആയിട്ടും അധ്യക്ഷൻ എത്തിയില്ല. മന്ത്രിയും എത്തിയില്ല. അപ്പോൾ തന്നെ സിപിഐഎം ഹരിപ്പാട് ഏരിയ സെക്രട്ടറിയോട് കാര്യം പറഞ്ഞു. 12 മണിക്ക് അടുത്ത പരിപാടി ഉള്ളതുകൊണ്ടാണ് പോയതെന്ന് ജി. സുധാകരൻ വിശദീകരിച്ചു.

മന്ത്രി സജി ചെറിയാന്‍ പരിപാടിക്ക് വന്നില്ലല്ലോ. അത് എന്താണ് വാര്‍ത്തയാക്കാത്തതെന്ന് ചോദിച്ച സുധാകരന്‍ മാധ്യമ പ്രവര്‍ത്തകര്‍കരെയും വിമർശിച്ചു. സമയത്ത് പരിപാടി തുടങ്ങാത്തതില്‍ ജി. സുധാകരന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപോവുകയായിരുന്നു. പരിപാടിയില്‍ ജി. സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. സജി ചെറിയാനായിരുന്നു ഉദ്ഘാടകന്‍. സജി ചെറിയാനും സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍. നാസറും സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു അടക്കമുള്ളവര്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് പരിപാടി തുടങ്ങാന്‍ വൈകിയത്.

Comments (0)
Add Comment