തിരുവനന്തപുരം : നിയമസഭയില്‍ ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയ കെ.കെ രമയുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ച സ്പീക്കറെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ ജി.ശക്തിധരന്‍ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. സ്പീക്കര്‍ എം.ബി രാജേഷിന്റെയും അമേരിക്കന്‍ ജനപ്രതിനിധിസഭയിലെ സ്പീക്കര്‍ നാന്‍സി പെലോസിയുടേയും നടപടികളെ താരതമ്യം ചെയ്ത് ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
പൊലീസുകാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന്‍ ഫ്‌ലോയിഡിന്റെ കുടുംബാംഗങ്ങളെ അധികാരമേറ്റദിവസം നാന്‍സി പെലോസി അതിഥികളായി ക്ഷണിച്ചിരുന്നു. അവരോട് ആദരവ് പ്രകടിപ്പിക്കുകയാണ് സ്പീക്കര്‍ ചെയ്തത്. എന്നാല്‍ കേരള നിയമസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിത അംഗം ഭര്‍ത്താവിന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചുവന്നപ്പോള്‍ സ്പീക്കര്‍ ക്രുദ്ധനാകുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
എഴുതിയാൽ അത് അതിവൈകാരികത കലർന്നുപോകുമോ എന്ന ഉൾഭയം കൊണ്ട് കഴിഞ്ഞ മൂന്നു നാല് ദിവസം ഞാൻ സ്വയം നിയന്ത്രണം പാലിച്ചു മനസ്സിൽ തന്നെ പിടിച്ചു വെച്ച ഒരു പോസ്റ്റ് ആണിത്. നല്ല കമ്മ്യുണിസ്റ്റുകാർ എന്നോട് ക്ഷമിക്കണം. കേണപേക്ഷിക്കുകയാണ് ക്ഷമി ക്കണം. എഴുതിയില്ലെങ്കിൽ ഹൃദയം പൊട്ടി പോകും. മറ്റാരും എഴുതിക്കാണുന്നുമില്ല.
എനിക്ക് വായനക്കാരുടെ മുമ്പിൽ ഇപ്പോൾ ചുരുൾ നിവർത്താനുള്ളത് കഴിഞ്ഞ ചൊവ്വാഴ്ച നമ്മുടെ ടെലിവിഷന്‍ സ്ക്രീനുകളില്‍ അധികമാരുടെയും കണ്ണില്‍പ്പെടാതെ കടന്നുപോയ രണ്ട് ദൃശ്യങ്ങളാണ് . . ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ട ദൃശ്യങ്ങളായിരുന്നു അവ രണ്ടും. ഒരേ ദിവസത്തെ ദൃശ്യങ്ങൾ. രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങൾ. ഒന്ന് എഴാംകടലിനക്കരെയും മറ്റൊന്ന് ഏഴാം കടലിനിക്കരെയുമുള്ള ദൃശ്യങ്ങള്‍ ഒന്നുകൂടി വ്യക്തമായാക്കിയാൽ വ്യത്യസ്തരായ രണ്ട് സ്പീക്കർമാരുടെ ചിന്താധാരകള്‍ പ്രതീകാത്മകമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന രണ്ട് വ്യത്യസ്ത ദൃശ്യങ്ങള്‍. രണ്ടിലും മുഖ്യകഥാപാത്രം അതാതിടങ്ങളിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ എന്നറിയപ്പെടുന്ന ജനപ്രതിനിധി സഭകളുടെ താക്കോൽ സൂക്ഷിപ്പുകാരായ സ്പീക്കാര്‍മാരാണ്. .ആദ്യ ദൃശ്യം. ഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയുടെ ജനപ്രതിധിസഭയിലെ 81 കാരിയായ സ്പീക്കർ നാൻസി പെലോസി വൈറ്റ് ഹൌസില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട വിരലില്‍ എണ്ണാവുന്ന അതിഥികളുമായി ഒരു മാലാഖയെപ്പോലെ രംഗപ്രവേശം ചെയ്യുന്നതാണ്. ആ അതിഥികളെ ഞാനും നിങ്ങളും കേട്ടാല്‍ അറിയുന്നവരാണ്. ഒരു വര്‍ഷം മുമ്പ് ഇതുപോലൊരു മെയ്മാസത്തില്‍ ഇതേ ദിവസം അമേരിക്കയിൽ പൊതുസ്ഥലത്തു വെച്ച് വെള്ളക്കാരനായ പോലീസുകാരൻ ഡെറിക് ഷോവി ജോർജ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കറുത്തവർഗക്കാരനായ ഫ്‌ളോയിഡിന്റെ കുടുംബാംഗങ്ങള്‍ ആയിരുന്നു ആ അതിഥികള്‍. ആ കുടുംബം മെയ് 25 ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ വൈറ്റ് ഹൌസിലെ അതിഥികള്‍ ആയിരുന്നത് മഹാത്ഭുതം. . പ്രസിഡണ്ട് ജോ ബൈഡനും ഫ്‌ളോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേ ക്ക് ക്ഷണിച്ചു ആദരിച്ചിരുന്നു. ഫ്‌ളോയിഡിന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചുവരുത്തി ആ സംഭവത്തില്‍ പശ്ചാത്തപിക്കുകയായിരുന്നു
ഭൂമുഖത്തു ഏറ്റവും കൂടുതൽ പാതകങ്ങൾ ചെയ്തുകൂട്ടിയിട്ടുള്ള അമേരിക്ക.. . കൊല്ലപ്പെട്ട ഫ്‌ളോയിഡിനോട് സ്പീക്കർ നാൻസി പെലോസി ആ ആദരവ് അർപ്പിക്കുന്നത് ജനാധിപത്യത്തിന്റെ മഹത്വമോ സൗന്ദര്യമോ ആയി വേണമെങ്കില്‍ നമുക്ക് കാണാം. എന്റെ ജീവിതകാലം മുഴുവന്‍ യാങ്കികളെ അധിക്ഷേപിച്ച് ചങ്ക് പൊട്ടുംവിധം മുദ്രാവാക്യം വിളിച്ചിട്ടുള്ള എനിക്ക് അമേരിക്കയിൽ നിന്ന് ഞാൻ കണ്ട ഒരു കര്‍പ്പൂര കാഴ്ചയാണിതെന്നു പറയാൻ .രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സ്പീക്കർ നാൻസി പെലോസിയുടെ മഹത്വത്തിന് മുന്നിൽ നമിക്കുന്നു.
ആ ദിവസത്തെ രണ്ടാമത്തെ കാഴ്ച കൂടി പറഞ്ഞോട്ടെ. “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിളിപ്പേരുള്ള കൊച്ചു കേരളത്തിലെ പുതുമുഖ സ്പീക്കർ ശ്രീ എം ബി രാജേഷിന്റെ തിരുമുഖത്തു നിന്ന് മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തുരുതുരാ ഒപ്പിയെടുത്ത ദൃശ്യമാണത്. സ്വന്തം ഭർത്താവിന്റെ ജീവൻ അപഹരിച്ച രാക്ഷസരൂപങ്ങളെ തുറന്നുകാട്ടാൻ നിയമ സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ അംഗം അവർ ഉടുത്തിരുന്ന സാരിയിൽ ഭർത്താവിന്റെ മുഖ സാദൃശ്യതയുള്ള ഒരു ചെറിയ ബാഡ്ജ് ധരിച്ചു വന്നതാണ് സ്പീക്കറെ ക്രുദ്ധനാക്കിയത്. ക്യാമറകള്‍ക്ക് മുന്നില്‍ ആ ക്രൗര്യം ഫണം വിടര്‍ത്തി തന്നെ നിന്നു, ഏതു നിമിഷവും കൊത്താനുള്ള വിഷസൂചിയുമായി. നിയമസഭയുടെ താക്കോൽ കയ്യിൽ കിട്ടിയിട്ട് അപ്പോൾ മിനിറ്റുകളെ ആയിരുന്നുള്ളൂ. എന്നിട്ടും അധികാര ഖഡ്ഗം വിജൃംഭിതമായി
ഭര്‍ത്താവിന്റെ ഒരു ചെറിയ ചിത്ര തിലകം മാറോട് ചേർത്തുപിടിച്ചു ” നാഥാ ഞാൻ ഉണ്ട് ഇവിടെ “എന്ന്
ആ മനസ് മന്ത്രിക്കുന്നതിനിടയിൽ വന്നു ആ തീട്ടൂരം. ശ്രീമതി കെ കെ രമയെ ഇവിടെ വസ്ത്രാക്ഷേപം ചെയ്യപ്പെടണം !
മറ്റൊരു സ്പീക്കര്‍ നാന്‍സി ഏഴാം കടലിനക്കരെ തന്റെ രാജ്യത്തെ സേനയിലെ ഒരംഗം ചെയ്ത തെറ്റിന് നഷ്ടം സംഭവിച്ച കുടുംബത്തോട് പശ്ചാത്തപിക്കുന്നു! ഇവിടെ ഇങ്ങിനെയും! എന്തൊരു വൈപരീത്യം. മനുഷ്യത്വം ചീഞ്ഞളിയുമ്പോള്‍ അത് സപീക്കാറായും വരാമത്രേ. കൊലയാളി ഡെറക് ഷോവിനെ അമേരിക്കൻ കോടതി കഴിഞ്ഞമാസമാണല്ലോ ശിക്ഷിച്ചത്.എന്തായാലും ഒരു വര്‍ഷം കാരാഗൃഹത്തിലടക്കപ്പെട്ട കൊലയാളിയായ ഡെറിക് ഷോവ് ജോര്‍ജ്ജിനെ അഭിനന്ദിക്കാന്‍ പുതിയ പ്രസിഡന്റ് ജോ ബൈഡനോ പഴയ പ്രസിഡന്റ് ട്രമ്പോ മറ്റേതെങ്കിലും അമേരിക്കന്‍ ഭരണാധികാരിയോ ജയിലില്‍ ചെന്ന് കണ്ടില്ലെന്നതും നമുക്ക് ആശ്വാസം നല്കൂന്നു. ദൈവത്തിന്റെ നാട്ടില്‍ അതല്ലല്ലോ അവസ്ഥ. അഞ്ചുവർഷം മുമ്പ് അധികാരമേറ്റുടനെ ഭരണസാരഥി തന്നെ കൊലയാളിയായ,, മരണത്തിന്റെ വ്യാപാരിയെന്ന് അടുത്തറിയുന്നവർ ഒക്കെ വിളിക്കുന്ന , കുഞ്ഞനന്തനെ കണ്ട് ആശ്വസിപ്പിക്കാൻ കാരാഗൃഹമതിൽ ചാടിക്കയറുന്നതല്ലേ നാം കണ്ടത് ?എന്തൊരു ആവേശമായിരുന്നു അന്ന് ആ വാടക കൊലയാളികളെ കാണാൻ.
( ചിത്രം :വാഷിങ്ടണിൽ വൈറ്റ് ഹൗസിൽ കഴിഞ്ഞ ചൊവ്വാഴ്ച സ്പീക്കറുടെ മുറിയിൽ ഫ്‌ളോയിഡിന്റെ സഹോദരൻ കുനിഞ്ഞു നോക്കി സംസാരിക്കുന്നത് ഫ്‌ളോയിഡിന്റെ മകൾ ഗിയാനയോട് .
.തൊട്ടടുത്തു ഫ്‌ളോയിഡിന്റെ കുടുംബം ) . (Screenshot | Laura Olson )