തുടര്‍ഭരണം നല്‍കിയ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയാത്തതും ഒരു പുതുമയും അവകാശപ്പെടാനില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പുതിയ ടീമില്‍നിന്നും സംസ്ഥാനത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വികസന ആവശ്യങ്ങളെ മുന്‍നിര്‍ത്തി, സമഗ്ര നിര്‍ദ്ദേശങ്ങളും ദിശാസൂചകങ്ങളും നല്‍കുന്ന ഒരു ബജറ്റായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്‍റെ സപ്ലിമെന്‍ററി ബജറ്റായി ബാലഗോപാലിന്‍റെ ബജറ്റ് ചുരുങ്ങി.
മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനവും നടപ്പു പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമായി അറിയാതെയുമുള്ള പുതിയ പ്രഖ്യാപനങ്ങളുമാണ് ബജറ്റിലുള്ളത്. തീരദേശ സംരക്ഷണം, പ്രവാസി ക്ഷേമം, കാര്‍ഷിക വികസനം, മൂല്യവര്‍ധിത ഉല്പ്പന്ന വ്യവസായം, പരമ്പരാഗത വ്യവസായം തുടങ്ങിയ മേഖലകളിലൊന്നും ഒരു നവീന ആശയവും ഈ ബജറ്റ് മുന്നോട്ടു വെക്കുന്നില്ല. കേരളം നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് അല്പമെങ്കിലും പരിഹാരം കാണാന്‍ കഴിയുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കെ.എസ്.ആര്‍.ടി.സി ബസുകളെല്ലാം ഇലക്ട്രിക് ബസുകളാക്കുമെന്നും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ്പുകള്‍ നല്‍കുമെന്നും വയനാട് ബ്രാന്‍ഡ് കാപ്പി വിപണിയിലെത്തിക്കുമെന്നും കുട്ടനാട്-ഇടുക്കി പാക്കേജുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നുമുള്ള മുന്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി ബജറ്റ് തയാറാക്കുന്നതിനു മുമ്പ് ധനമന്ത്രി ബാലഗോപാല്‍ പരിശോധിക്കേണ്ടതായിരുന്നു.
20000 കോടി രൂപയുടെ കൊവിഡ് പ്രതിരോധ പാക്കേജ് മുമ്പ് പ്രഖ്യാപിച്ചത് തന്നെയാണ്. പുതിയ നീക്കിവെപ്പായിരുന്നെങ്കില്‍ അത് ധനക്കമ്മിയില്‍ പ്രതിഫലിക്കുമായിരുന്നു. 8900 കോടി രൂപ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞത് നിലവിലെ ക്ഷേമ പെന്‍ഷനുകളാണ് എന്ന വസ്തുത ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്. ധനവകുപ്പ് നേരിട്ടും കിഫ്ബി വഴിയും കടമെടുത്ത് കാര്യങ്ങള്‍ നടത്തുമെന്ന് പറയുന്ന ധനമന്ത്രി, സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ മൊത്തം കടബാധ്യത സംസ്ഥാന ജി.ഡി.പി യുടെ 37.39 ശതമാനമാണെന്നും ജി.ഡി.പിയുടെ 2.5 ശതമാനം പലിശ മാത്രം നല്‍കുകുയാണെന്നും മറന്നു പോകരുതെന്നും ദേവരാജന്‍ ഓര്‍മ്മിപ്പിച്ചു.