മത്സ്യബന്ധന ഓര്‍ഡിനന്‍സ് പിന്‍വലിക്കണം; തീരദേശ പാക്കേജുകളുടെ നിജസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം : ജി.ദേവരാജന്‍

Jaihind News Bureau
Sunday, October 25, 2020

മത്സ്യബന്ധനം മുതല്‍ സംസ്കരണവും വിപണനവും വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിന് അനിയന്ത്രിതമായി ഇടപെടാ ന്‍ വഴിയൊരുക്കുന്ന ‘മത്സ്യലേലവും വിപണനവും, ഗുണനിലവാര പരിശീലനവും’ ഓര്‍ഡിനന്‍സ്  പിന്‍വലിക്കണമെന്നും പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ തീരദേശ പാക്കേജുകളുടെ നിജസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.

കടലില്‍ നിന്നും പിടിച്ചു കൊണ്ടു വരുന്ന മത്സ്യം വില്‍ക്കുന്നതിനു മുമ്പ് ഉറവിടം, മത്സ്യബന്ധന രീതി, ഗുണനിലവാരം എന്നിവ വ്യക്തമാക്കുന്ന അനുവാദം ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥനില്‍ നിന്നും വാങ്ങണമെന്ന നിബന്ധനയും ആകെ കച്ചവടത്തിന്‍റെ അഞ്ചു ശതമാനം ലേലക്കമ്മീഷനായി സര്‍ക്കാരിന് നല്‍കണമെന്ന വ്യവസ്ഥയും അപ്രായോഗികവും തൊഴിലാളി ദ്രോഹപരവുമാണ്. ഗുണനിലവാരം ഉറപ്പു വരുത്താ ന്‍ 2006ലെ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോ ള്‍ ക്രിമിന ല്‍ ചട്ടമനുസരിച്ച് നിയമനടപടികള്‍ എടുക്കുമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. വിജ്ഞാപനം ചെയ്തിട്ടുള്ള ഫിഷ്‌ ലാന്‍ഡ് സെന്‍റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലല്ലാതെ മത്സ്യക്കച്ചവടം നടത്താന്‍ പാടില്ലാ എന്നു നിഷ്ക്കര്‍ഷിക്കുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക്, വിശേഷിച്ചും സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാകുന്നതിനു കാരണമാകും.

തീരദേശ നവീകരണത്തിനും മറ്റുമായി 2018-19, 2019-20, 2020-21 ബജറ്റുകളില്‍ ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജുകളി ല്‍ 10% പോലും ഇതുവരെ ചിലവഴിച്ചിട്ടില്ല. കോവിഡ് കാലഘട്ടത്തി ല്‍ ഏറ്റവും കൂടുത ല്‍  ദുരിതമനുഭവിച്ചവരും ആക്ഷേപങ്ങ ള്‍ ഏറ്റുവാങ്ങേണ്ടി വന്നതും മത്സ്യത്തൊഴിലാളികളാണ്. പ്രഖ്യാപിച്ച തീരദേശ പാക്കേജുകള്‍ യഥാവിധി നടപ്പിലാക്കിയിരുന്നൂവെങ്കില്‍ അവരുടെ ദുരിതത്തിന് അല്‍പ്പമെങ്കിലും പരിഹാരമാകുമായിരുന്നു. അതിനാല്‍ പ്രസ്തുത പാക്കേജുകളുടെ നിജസ്ഥിതി അറിയുവാന്‍ പൊതുസമൂഹത്തിന് താത്പര്യമുണ്ടെന്നും ദേവരാജ ന്‍ അഭിപ്രായപ്പെട്ടു.