പ്ലസ് ടു പരീക്ഷയിലെ ആൾമാറാട്ടം : വിദ്യാർത്ഥികളുടെ ഉപരിപ്പഠനം ആശങ്കയിൽ

Jaihind Webdesk
Tuesday, May 14, 2019

പ്ലസ് ടു പരീക്ഷയിലെ ആൾമാറാട്ടത്തെ തുടർന്ന് ഫലം തടഞ്ഞുവച്ച നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപരിപ്പഠനം ആശങ്കയിൽ.  അതിനിടെ ആൾമാറാട്ട സംഭവത്തിൽ സ്കൂളിലെ 3 അധ്യാപകർക്കെതിരേയും പോലീസ് കേസെടുത്തു. ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയ 3 അധ്യാപകരും ഒളിവിലാണ്.

മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷാഫലം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ ഉപരിപഠനത്തെച്ചൊല്ലി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ. പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർത്ഥികളെക്കൂടി ജയിപ്പിച്ച് 100 ശതമാനം ലക്ഷ്യമാക്കിയാണ് അധ്യാപകൻ വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷയെഴുതിയതെന്ന വാദം നിലനിൽക്കുമ്പോൾ തന്നെ, ഫലം തടഞ്ഞുവച്ച 3 വിദ്യാർത്ഥികൾക്ക് ഇത്തവണ ഉപരിപഠനത്തിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

കേസും, മറ്റും കഴിയുംമുമ്പേ മൂവരുടേയും ഫലം പ്രസിദ്ധീകരിക്കുക പ്രയാസമായിരിക്കും. അപ്പോഴേക്കും ഡിഗ്രി ഉൾപ്പടെയുള്ള കോഴ്സുകളിലേക്കും പ്രവേശനം പൂർത്തിയാവും. ഇതോടൊപ്പം പ്ലസ് വൺ പരീക്ഷയിൽ 32 പേരുടെ ഉത്തരക്കടലാസുകളിൽ തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒന്നാം വർഷ ഫലം തടഞ്ഞുവക്കാൻ സാധ്യതയുണ്ടെന്നറിയുന്നു.

അതിനിടെ, ആൾമാറാട്ട സംഭവത്തിൽ ഹയർ സെക്കണ്ടറി ഡയറക്ടർ പോലീസ് മേധാവിക്ക് പരാതി നൽകി. റീജിയണൽ ഡയറക്ടറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയ 3 അധ്യാപകരും ഒളിവിലാണ്. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതിനിടെ ആൾമാറാട്ടം നടത്തി അധ്യാപകർ പരീക്ഷയെഴുതിയ സംഭവം സർക്കാരിന് തന്നെ നാണക്കേടായിട്ടുണ്ട്.