മുഖ്യപ്രതി മന്ത്രിമാരും മുഖ്യമന്ത്രിയും ; ഇഎംസിസി കരാറില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Monday, February 22, 2021

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന അഴിമതിയില്‍  മുഖ്യപ്രതികള്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. ഇ.എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.

ഇ.എം.സി.സി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. കേരളത്തിന്‍റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്തുകൊണ്ട് അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വളരെ ഗൌരവകരമാണെന്നും അദ്ദഹം പറഞ്ഞു.

അസന്‍റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി 9, 10 തീയതികളിലാണ്. പക്ഷേ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത് 28-02-2020 ല്‍ ആണ്. അതായത് അസന്‍റ് കഴിഞ്ഞ് 48 ദിവസം കഴിഞ്ഞപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.  മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തത്. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമാണ്.  എന്നാല്‍ ഈ നടപടികളെല്ലാം തന്നെ നിയമസഭയില്‍ നിന്ന് സര്‍ക്കാര്‍ പരിപൂര്‍ണമായി മറച്ചുവെച്ചു.  12-02 -2020 ല്‍  മോന്‍സ് ജോസഫ്, പി.ജെ ജോസ്, സി.എഫ് തോമസ് എന്നീ മൂന്ന്  എം.എല്‍.എമാര്‍ അസന്‍റിനെപ്പറ്റി ചോദിച്ചപ്പോള്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഒരക്ഷരം പോലും മിണ്ടിയില്ല. അസന്‍റ് ധാരണാപത്രം ഒപ്പിട്ടവരുടെയും താത്പര്യപത്രം തന്നവരുടെയും വിശദമായ ലിസ്റ്റ് ജയരാജന്‍ നിയമസഭയ്ക്ക് തന്നിട്ടുണ്ട്. എന്നാല്‍  ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇ എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു. 3.12.2019 ല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കേന്ദ്ര വിദേശകാര്യ ജോയിന്‍റ് സെക്രട്ടറിക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പ്രതിപക്ഷ നേതാവ് കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.

അമേരിക്ക ആസ്ഥാനമായുള്ള ഇ.എം.സി.സി ഗ്ലോബല്‍ കണ്‍സോർഷ്യത്തിന്‍റെ സബ്സിഡയറി കമ്പനിയായ ഇ.എം.സി.സി ഇന്‍റര്‍നാഷണല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍  മത്സ്യബന്ധനം പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കണ്‍സെപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ കമ്പനിയെപ്പറ്റി അന്വേഷിച്ച് അറിയണമെന്നുമാണ് കത്തിന്‍റെ  ഉളളടക്കം. അസന്‍റിന് മൂന്ന് മാസം മുമ്പാണ് ഈ കത്തെഴുതിയത്.  ജ്യോതിലാലിനെ പോലുള്ളൊരു സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടായിരിക്കുമല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും കേരളത്തിന്‍റെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യാനുള്ള വന്‍ ഗൂഢാലോചനയാണ് ഇതിന്‍റെ പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്.  പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മന്ത്രിസഭായോഗത്തില്‍ വെച്ച് തീരുമാനിച്ച് ഉത്തരവ് ഇറങ്ങിയേനെ. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.