തൃശൂരിൽ മാനദണ്ഡം ലംഘിച്ച് കൊവിഡ് രോഗിയുടെ സംസ്കാരച്ചടങ്ങ് ; കേസെടുത്ത് പൊലീസ്

Jaihind Webdesk
Monday, May 10, 2021

 

തൃശൂർ : തൃശൂരിൽ മാർഗരേഖ ലംഘിച്ച്  കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ ഇറക്കി മതചടങ്ങുകൾ നടത്താൻ ശ്രമം. ഇതേ തുടർന്ന് ബന്ധുക്കൾക്കും ജുമാ മസ്ജിദ് അധികൃതർക്കും എതിരെ പൊലീസ് കേസ് എടുത്തു.

തൃശൂർ ശക്തൻ സ്റ്റാന്‍റിനടുത്തുള്ള എംഎൽ.സി ജുമാമസ്ജിദിലാണ് സംഭവം. കൊവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിക്കാനായാണ് പള്ളിയിൽ കൊണ്ടുവന്നത്. വരവൂർ സ്വദേശി ഖദീജയാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 53 വയസായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും വരവൂർക്ക് മൃതദേഹം കൊണ്ടു പോകുന്ന വഴിയിൽ പള്ളിയിൽ ഇറക്കി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മതാചാര പ്രകാരം സംസ്കാരം നടത്താനായിരുന്നു ശ്രമം.

വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ്  അധികൃതർ സ്ഥലത്തെത്തി. സ്വകാര്യ ട്രസ്റ്റിന്റെ ആംബുലൻസ് ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തു. ബന്ധുക്കൾക്കെതിരെയും പള്ളി അധികൃതർക്കെതിരെയും കേസെടുത്തതായും ഡി എം ഒ അറിയിച്ചു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്കരിക്കും.