ചന്ദ്രപ്രഭ മറഞ്ഞു ; ഹൈദരലി തങ്ങളെ അവസാനമായി കാണാന്‍ ജനസാഗരം ; പൂർണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി

Jaihind Webdesk
Monday, March 7, 2022

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. പുലർച്ചെ രണ്ടര മണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാണക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടന്നു. പ്രത്യേക സാഹചര്യങ്ങളാൽ നേരത്തെ നിശ്ചയിച്ചതിൽ നിന്നും കബറടക്കം നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു.

അന്തിമോപചാരം അർപ്പിക്കുന്നതിനായി പതിനായിരങ്ങളാണ് ഇന്നലെ ഉച്ച മുതൽ മലപ്പുറം വാരിയൻ കുന്നത്ത്ടൗൺ ഹാളിലേക്ക് ഒഴുകിയെത്തിയത്. ജനസാഗരത്തെ നിയന്ത്രിക്കാൻ വോളന്‍റിയേഴ്സും പോലീസും ബുദ്ധിമുട്ടി. രാത്രി 11 മണിക്കു പോലും ടൗൺ ഹാളിലേക്കുള്ള 2 റോഡുകളിലും കിലോമീറ്ററുകളോളം ദൂരത്തിൽ ജനങ്ങൾ വരി നിന്ന് തങ്ങളെ ഒരു നോക്ക് കാണാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വികാരാധീനരായി കരയുന്ന സാധാരണക്കാരുടെ കാഴ്ചകൾ.. ആവലാതികൾ കേൾക്കാനും – പരിഹരിക്കാനും ഇനി ഹൈദരലി തങ്ങൾ ഇല്ലെന്ന വികാര പ്രകടനങ്ങൾ.. എല്ലാം കൊണ്ടും ടൗൺ ഹാൾ പരിസരം വീർപ്പുമുട്ടി.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസി. കെ സുധാകരൻ, മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ  മുരളീധരൻ എംപി , ആര്യാടൻ മുഹമ്മദ്,സ്പീക്കർ എംബി രാജേഷ്, ഷാഫി പറമ്പിൽ, വിടി ബൽറാം , കാന്തപുരം അബൂബക്കർ മുസല്യാർ, മന്ത്രിമാർ തുടങ്ങി വിവിധ രാഷ്ട്രീയ – സാമൂഹിക- മത നേതാക്കൾ അന്തിമോപചാരമർപ്പിച്ച് മടങ്ങി. മത പണ്ഡിതൻമാരുടെയും മറ്റും നിർദ്ദേശത്തെ തുടർന്ന് കബറടക്കം നേരത്തെയാക്കാൻ ബന്ധുക്കളും മറ്റും നിർബന്ധിതരായി.

രാത്രി 12 മണി കഴിഞ്ഞതോടെ ടൗൺ ഹാളിലെ പൊതുദർശനം അവസാനിപ്പിക്കുന്നതായി അറിയിപ്പ് നൽകി. തുടർന്ന് ഭൗതികദേഹം പാണക്കാട്ടെ വീട്ടിലെത്തിച്ചു. വീട്ടിലേക്കുള്ള വഴിയിലുടനീളം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരങ്ങളാണ് കാത്തുനിന്നിരുന്നത്. ബന്ധുക്കളുടെ പ്രാർത്ഥനക്കു ശേഷം മൃതദേഹം വീടിന് പുറത്തെത്തിച്ച് തൊട്ടടുത്തുള്ള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മതാചാര പ്രകാരമുള്ള പ്രാർത്ഥനക്ക് ശേഷം ഖബറടക്കി. അപ്പോഴേക്കും സമയം രണ്ടര പിന്നിട്ടിരുന്നു. എന്നിട്ടും പിരിഞ്ഞ് പോകാതെ ആയിരങ്ങൾ പാണക്കാട്ടെ വീട്ടുമുറ്റത്തേക്കൊഴുകി കൊണ്ടിരുന്നു.

കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ-രാഷ്ട്രീയ നേതാവായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓർമ്മയായി. തങ്ങളെ സമൂഹം എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് തെളിയിച്ചു തരുന്ന കാഴ്ചകളാണ് ഇന്നലെ ടൗൺ ഹാളിലും, പുലർച്ചെ മൂന്നു മണിക്ക് പോലും വീട്ട് മുറ്റത്തും പ്രകടമായത്.