പണമില്ലാതെ ഇന്ത്യന്‍ പട്ടാളം; സൈനികര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഫണ്ടില്ല

ന്യൂഡല്‍ഹി: വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റപ്പെട്ട സൈനികര്‍ക്കും പരിശീലനങ്ങള്‍ക്കായും യാത്രാചെലവ് വഹിക്കാന്‍ ഫണ്ടില്ലാതെ പ്രതിരോധ മന്ത്രാലയം. പുതിയതായി തുക വകയിരുത്താതെ താല്‍ക്കാലിക, സ്ഥിര നിയമനങ്ങളിലേക്കായി മുന്‍കൂറായി തുക അനുവദിക്കാനാകില്ലെന്ന് പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചതായി ദി ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഉടനെ പരിഹരിക്കുമെന്നും പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ ദി ട്രൈബ്യൂണിനോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനികരുടെ സ്ഥലംമാറ്റത്തിലേക്കും പരിശീലനങ്ങള്‍ക്കുമായുള്ള യാത്രകള്‍ക്ക് ഒരുവര്‍ഷം 4000 കോടിരൂപയാണ് ചെലവാകുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന് 800 കോടി രൂപമായി അനുവദിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികാരണം സൈന്യത്തിലെ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കപ്പെടുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2300 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 1850 കോടി രൂപ 2018 ഒക്ടോബര്‍ വരെ ചെലവിട്ടിട്ടുണ്ട്. മുന്‍വര്‍ഷത്തെ നിര്‍മ്മാണങ്ങളിലെ പ്രവൃത്തി തുക നല്‍കിത്തീര്‍ക്കാനുള്ളതുകൊണ്ട് ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തെ സൈനിക ബജറ്റിലേക്ക് മാറ്റിവെയ്ക്കപ്പെട്ടിട്ടുണ്ട്.
ദേശസ്‌നേഹത്തിന്റെയും സൈനികരുടെയും കാര്യം പറഞ്ഞ് വോട്ടുതേടി അധികാരത്തിലേറിയ ബി.ജെ.പി ഭരിക്കുമ്പോഴാണ് സൈനികരുടെ ആനുകൂല്യങ്ങള്‍ പ്രതിസന്ധികാരണം നല്‍കാന്‍ ആകാതിരിക്കുന്നത്. ഭരണത്തിലേറാന്‍ ബി.ജെ.പി ഉപയോഗിച്ച വിഭാഗങ്ങളെ തന്നെ അവഗണിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ നാലരവര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

Armymilitaryindian military
Comments (0)
Add Comment