ധൂർത്ത് തുടർന്ന് സർക്കാർ; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പുതിയ ഫർണിച്ചർ വാങ്ങാൻ അനുവദിച്ചത് ലക്ഷങ്ങള്‍

Jaihind News Bureau
Wednesday, September 23, 2020

 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ  നട്ടം തിരിയുമ്പോൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പുതിയ ഫർണിച്ചർ വാങ്ങാൻ ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാം അധ്യക്ഷനായ കമ്മിറ്റിയും സിഡിഎസ് ഡയറക്ടർ സുനിൽ മാണി അധ്യക്ഷനായ കമ്മറ്റിയും ചെലവ് ചുരുക്കാൻ നൽകിയ നിർദ്ദേശങ്ങൾ ഈ മാസം 16 ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച ശേഷമാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വീണ്ടും വെട്ടിക്കുറയ്ക്കാൻ സർക്കാർ ജീവനക്കാരുടെ സംഘടകളുമായി മാരത്തോൺ ചർച്ച നടത്തുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഓഫീസിലേക്ക് പുതിയ ഫർണിച്ചർ വാങ്ങാനുള്ള ഉത്തരവ് പുറത്തിറക്കിയത്. വരുന്ന ഒരു വർഷക്കാലത്തേക്ക് സർക്കാർ കെട്ടിടം മോടി പിടിപ്പിക്കൽ, സർക്കാർ ഓഫീസുകളിൽ ഫർണിച്ചർ വാങ്ങൽ, പുതിയ വാഹനങ്ങൾ വാഹനങ്ങൾ എന്നിവ പാടില്ലെന്ന് സി.ഡി.എസ് ഡയറക്ടർ സുനിൽ മാണി അധ്യക്ഷനായ കമ്മറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പുറമേ മുൻ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാം അധ്യക്ഷനായ കമ്മറ്റിയും ഇതേ ശുപാർശ നൽകിയിരുന്നു.

ഈ മാസം 16 ന് ചേർന്ന മന്ത്രിസഭാ യോഗം ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത കൂടി പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിൽ പതിനാറാമത്തെ തീരുമാനമായാണ് ഇത് അംഗീകരിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്‍റെ വരുമാനം വർധിപ്പിച്ച് ചെലവ് ചുരുക്കണമെന്ന പ്രത്യേക അജൻഡയോടെയാണ് മന്ത്രിസഭ യോഗം ചേർന്നത്.

ഇതിന് കടക വിരുദ്ധമായാണ് ഇപ്പോൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് ഫർണിച്ചർ വാങ്ങാൻ 1,81,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. മന്ത്രിസഭായോഗം ചെലവ് ചുരുക്കാൻ തീരുമാനമെടുത്ത് മൂന്നു ദിവസത്തിനകമാണ് ചീഫ് സെക്രട്ടറിക്ക് പുതിയ ഫർണിച്ചർ വാങ്ങാൻ സർക്കാർ ഉത്തരവിറക്കിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ജീവനക്കാർക്ക് വീണ്ടും സാലറി ചലഞ്ച് ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ലക്ഷങ്ങൾ രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് ഫർണിച്ചർ വാങ്ങുന്നത് എന്നതും വിരോധാഭാസമാണ്.