കൊറോണയ്ക്കിടയിലെ കൊള്ള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Jaihind Webdesk
Friday, October 15, 2021

 

ന്യൂഡല്‍ഹി : കൊവിഡില്‍ നട്ടം തിരിയുന്ന ജനത്തിന് ഇരട്ടി പ്രഹരമായി ഇന്ധനവില വർധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 35 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 105.14 രൂപയും ഡീസലിന് 93.87 രൂപയുമായി ഉയർന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 34 പൈസ വർധിച്ച് 108.80 രൂപയും ഡീസലിന് 37 പൈസ വർധിച്ച് 101.78 രൂപയുമാണ് ഇന്നത്തെ വില. ബംഗളുരുവില്‍ പെട്രോള്‍ ലിറ്ററിന് 108.80 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില.

സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റ‍ർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും ഡീസൽ വില 99.26 രൂപയുമായി ഉയർന്നു. കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വർധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്.