ഇന്ധനക്കൊള്ള: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതീകാത്മക കേരള ബന്ദുമായി യൂത്ത് കോണ്‍ഗ്രസ്; വാഹനങ്ങള്‍ റോഡില്‍ നിർത്തിയിട്ട് പ്രതിഷേധം

Jaihind News Bureau
Sunday, June 28, 2020

കൊവിഡ് കാലത്തെ ഇന്ധനക്കൊള്ളയ്ക്കെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതീകാത്മക കേരള ബന്ദുമായി യൂത്ത് കോണ്‍ഗ്രസ്. ജൂലായ് 1ന് രാവിലെ 11 മണിക്ക്  1000 കേന്ദ്രങ്ങളില്‍ 25,000 വാഹനങ്ങള്‍ 15 മിനിട്ട് റോഡില്‍ നിർത്തിയിട്ട് പ്രതിഷേധിക്കും. ജനങ്ങള്‍ക്ക് പുല്ലുവില കൽപ്പിക്കുന്ന ഭരണകൂടത്തോട് ഇനിയും പ്രതിഷേധിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. നമ്മുടെ മൗനം കൊള്ളയടിക്കാനുള്ള അനുമതിയായി മാറരുതെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണ്. ഇത്രയും നികുതി ഒരു ലിറ്റർ എണ്ണക്ക് കൊടുക്കേണ്ടി വരുന്ന ലോകത്തെ അപൂർവ്വങ്ങളിൽ അപൂർവം രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് 9 മടങ്ങും വര്‍ധന! ഇതാണ് പകല്‍ക്കൊള്ള-ഷാഫി പറമ്പില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കണ്ണിൽ ചോരയില്ലാതെ ജനങ്ങളെ പിഴിയുകയാണ് കേന്ദ്ര സർക്കാർ .  പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണ്.  ഇത്രയും നികുതി ഒരു ലിറ്റർ എണ്ണക്ക് കൊടുക്കേണ്ടി വരുന്ന ലോകത്തെ അപൂർവ്വങ്ങളിൽ അപൂർവം രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു .

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് 9 മടങ്ങും വര്‍ധന! ഇതാണ് പകല്‍ക്കൊള്ള

നാം പ്രതിഷേധിച്ചേ പറ്റു . ജനകീയ പ്രതിരോധത്തിന് യൂത്ത്‌ കോൺഗ്രസ്സ് വേദിയൊരുക്കുന്നു . ജൂലായ് 1ന് രാവിലെ 11 മണിക്ക് ഒരു 15 മിനുട്ട് നിങ്ങളുടെ വാഹനങ്ങൾ നിർത്തിയിട്ട് ഈ പ്രതിഷേധത്തിൽ പങ്കാളികളാകുവാൻ മുഴുവൻ കേരളീയരോടും അഭ്യർത്ഥിക്കുന്നു .

ജനങ്ങളെ പുല്ല് വില കൽപ്പിക്കുന്ന ഭരണകൂടത്തോട് ഇനിയും പ്രതിഷേധിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവും .
നമ്മുടെ മൗനം കൊള്ളയടിക്കാനുള്ള അനുമതിയായി മാറരുത്