കുതിച്ചു കയറുന്ന ഇന്ധനവില; രാജ്യം മുൾമുനയിൽ

പെട്രോൾ, ഡീസൽ വില സർവനിയന്ത്രണങ്ങളും വിട്ട് കുതിച്ചുകയറുകയാണ്. രാജ്യം മുൾമുനയിൽ നില്‍ക്കുമ്പോഴും ചെറുവിരൽ അനക്കാതെ ഭരണകൂടങ്ങൾ. എന്തിനാണ് ഇങ്ങനെയൊരു സർക്കാർ എന്നുപോലും ജനം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യവും ഉപഭോക്തൃസംസ്ഥാനമായ കേരളവും രൂക്ഷമായ വിലക്കയറ്റത്തിലേക്കും സാമ്പത്തിക തളർച്ചയിലേക്കും കൂപ്പുകുത്താൻ ഇതു വഴിയൊരുക്കും.

പെട്രോൾ വില തിരുവനന്തപുരത്ത് ഇന്നലെ (ശനി) 83.56 രൂപയാണ്. കഴിഞ്ഞ മെയ് 29നായിരുന്നു റിക്കാർഡ് വില- 82.62 രൂപ. അത് വ്യാഴാഴ്ച മറികടന്നിരുന്നു. ഇന്നലെ ഒറ്റ ദിവസത്തെ വർധന മാത്രം 52 പൈസയാണ്. ഡീസലിന്റെ മെയ് 29ലെ റിക്കാർഡ് വിലയായ 75.20 രൂപ ആഗസ്റ്റ് 31 നു തിരുത്തി 75.22 രൂപയായി. തുടർന്നുള്ള ദിവസങ്ങളിൽ സ്‌റ്റെഡിയായി വില ഉയർന്നു. ഇന്നലെ ഒറ്റ ദിവസത്തെ വർധന 58 പൈസയാണ്. അങ്ങനെ വില സർവകാല റിക്കാർഡിട്ട് 77.52 രൂപയായി. മെട്രോ നഗരങ്ങളിൽ ഡീസലിന് ഏറ്റവും ഉയർന്ന വില ഈടാക്കുന്നത് മുംബൈയിലാണ്. അവിടത്തേക്കാൾ കൂടുൽ വിലയാണ് ഇപ്പോൾ കേരളത്തിൽ. മുംബൈയിലെ ഡീസൽ വില 76.51 രൂപ മാത്രം.
നേരത്തെ പെട്രോളിനും ഡീസലിനും തമ്മിൽ പത്തു രൂപയിലധികം വ്യത്യാസം ഉണ്ടായിരുന്നത് ഇപ്പോൾ ആറു രൂപയിലേക്കു കുറഞ്ഞിരിക്കുന്നു. ഡീസൽ വില ആനുപാതികമല്ലാത്ത രീതിയിൽ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ജനങ്ങളുടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഡീസൽ അധിഷ്ഠിതമാണ്.

വില ഉയരാൻ പല കാരണങ്ങൾ

രാജ്യാന്തര വിപണിയിൽ എണ്ണവില കയറുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതിക്കൊള്ളയും പെട്രോളിയം കമ്പനികളുടെ അമിതലാഭവുമാണ് വിലവർധനവിന്റെ പ്രധാന കാരണങ്ങൾ. ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 72.04 രൂപയായി കുത്തനേ ഇടിഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില ഉയർന്ന് ബാരലിന് 77.56 ഡോളർ എന്ന നിലയിലുമാണ്. രണ്ടിന്റെയും ട്രെൻഡ് ഈ രീതിയിൽ തുടരാനാണു സാധ്യത.

പെട്രോൾ, ഡീസൽ നികുതിൽ നിന്നു കേന്ദ്രത്തിന് ഇതുവരെ ലഭിച്ചത് 11 ലക്ഷം കോടിയുടെ വരുമാനം. മോദി അധികാരമേറ്റ 2014 മെയ് മാസത്തിനുശേഷം എക്‌സൈസ് നികുതി 211.7 ശതമാനം വർധിപ്പിച്ചു. അന്ന് ഒരു ലിറ്റർ പെട്രോളിന് നികുതി 9.2 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 19.48 രൂപയാണ്. ഡീസലിന്റെ എക്‌സൈസ് തീരുവയിൽ 443.06 ശതമാനം വർധന. അന്ന് ഒരു ലിറ്റർ ഡീസലിന്റെ എക്‌സൈസ് തീരുവ 3.46 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 15.33 രൂപയാണ്. എക്‌സൈസ് നികുതി 12 തവണയാണ് മോദി സർക്കാർ കൂട്ടിയത്. ഇതുമൂലം കേന്ദ്രത്തിന് 1.05 മുതൽ 2.57 ലക്ഷം കോടിവരെയാണ് ഓരോ വർഷവും ലഭിക്കുന്നത്. മോദി സർക്കാരിന് അഞ്ചു വർഷംകൊണ്ട് ലഭിച്ചത് 12,04,307 കോടി രൂപ. യുപിഎ സർക്കാരിന്റെ കാലത്ത് 2013-14ൽ ലഭിച്ച വരുമാനം 88,600 കോടി മാത്രം.

പെട്രോളിയം ഉല്പന്നങ്ങൾ വഴി കേന്ദ്രസർക്കാരിനു ലഭിച്ച വരുമാനം (തുക കോടിയിൽ)
2013-14         88,600
2014-15         1,05,653
2015-16         1,85,958
2016-17         2,53,254
2017- 18        2,01,592
2018-19         2,57,850 (പ്രതീക്ഷിതം)

UPA യുടെ സബ്‌സിഡി

UPA സർക്കാർ അധികാരത്തിലിരുന്നപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിലന് 135 ഡോളർ വരെ ആയി ഉയർന്നശേഷം 2014 മെയിൽ 112 ഡോളർ ആയിരുന്നു. അന്ന് പെട്രോൾ ലിറ്ററിന് 9 രൂപയും ഡീസൽ ലിറ്ററിന് 12 രൂപയും സബ്‌സിഡി നല്കിയാണ് UPA സർക്കാർ ഇന്ധനവില നിയന്ത്രിച്ചത്. തന്മൂലം പെട്രോൾ വില ലിറ്ററിന് 74.33 രൂപയും ഡീസൽ വില 60.77 രൂപയും ആയി നിയന്ത്രിച്ചു നിർത്താൻ സാധിച്ചു. ക്രൂഡ് ഓയിൽ വില ഇപ്പോൾ 77 ഡോളറായി കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വില സർവകാല റിക്കാർഡിട്ടതാണ് ആശ്ചര്യകരം. ക്രൂഡോയിൽ വില ബാരലിന് 35 ഡോളർ കുറഞ്ഞിട്ടും UPA സർക്കാരിന്റെ കാലത്തേതിനേക്കാൾ ഒരു ലിറ്റർ പെട്രോളിന് 8.97 രൂപയും ഡീസലിന് 16.41 രൂപയും ഇപ്പോൾ കൂടുതലാണ്. UPA സർക്കാർ ചെയ്തതുപോലെ, സബ്‌സിഡി നല്കിയിരുന്നെങ്കിൽ വില പിടിച്ചുനിർത്താമായിരുന്നു. UPA സർക്കാർ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയാണ് ഇന്ധനവില നിയന്ത്രിക്കാൻ സബ്‌സിഡി നല്കിയിരുന്നത്.

2014ൽ അസംസ്‌കൃത എണ്ണയുടെ വില 112 ഡോളർ ആയിരുന്നത് ഇപ്പോൾ 77.56 ഡോളറായതോടെ എണ്ണയിറക്കുമതി ചെലവ് 6.27 ലക്ഷം കോടി രൂപയിൽ നിന്ന് 4.73 കോടി ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം ജനങ്ങൾക്കു ലഭിക്കുന്നില്ല.

വിദേശരാജ്യങ്ങളോട് മമത

മോദി സർക്കാർ 15 രാജ്യങ്ങളിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്നത് വെറും 34 രൂപയ്ക്ക്. 29 രാജ്യങ്ങളിലേക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നത് 37 രൂപയ്ക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ എന്നീ സമ്പന്ന രാജ്യങ്ങളും ഇതിൽ ഉൾപ്പെടും. ലോകത്തിലെ 56 രാജ്യങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് ഒരു ഡോളറിൽ (71.71 രൂപ) താഴെയാണു വില.

വിദേശരാജ്യങ്ങളിലെ പെട്രോൾ വില രൂപയിൽ

ഇന്ത്യ- 83.30
ഇറാൻ- 20.79
സുഡാൻ- 24.38
മലേഷ്യ- 38.00
പാക്കിസ്ഥാൻ- 53.78
അഫ്ഗാനിസ്ഥാൻ- 53.00
ഇന്തോനേഷ്യ- 48.04
നേപ്പാൾ- 68.74
ശ്രീലങ്ക- 69.55
ഭൂട്ടാൻ- 63.82

എണ്ണക്കമ്പനികളുടെ കൊള്ള

സ്വകാര്യ എണ്ണകമ്പനികളും പൊതുമേഖലാ എണ്ണ കമ്പനികളും വൻ ലാഭം കൊയ്യുന്നതാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വൻവില വർധനവിനു മറ്റൊരു കാരണം. പെട്രോളിയം കമ്പനികൾക്ക് ഇതിനോടകം 56,125 കോടി രൂപയുടെ ലാഭം ഉണ്ടായതായാണ് കണക്ക്. യുപിഎ സർക്കാരിന്റെ കാലത്ത് സബ്‌സിഡി നല്കിയിരുന്നതുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ പെട്രോൾ പമ്പുകളിൽ റിലയൻസ്, എസാർ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പിനേക്കാൾ വില കുറവായിരുന്നു. ഇതുമൂലം സ്വകാര്യ കമ്പനികളുടെ പമ്പുകളെല്ലാംതന്നെ പൂട്ടിക്കെട്ടേണ്ടി വന്നു. മോദി സർക്കാർ അധികാരമേറ്റശേഷം സബ്‌സിഡി പിൻവലിച്ചതോടെ സ്വകാര്യ പമ്പുകളെല്ലാം തുറക്കുകയും അവർ കൂടുതൽ പമ്പുകൾ ആരംഭിക്കുകയും ചെയ്തു.
ഒരു ലിറ്റർ പെട്രോളിന്റെ ഉല്പാദനച്ചെലവ് ഏകദേശം 23.77 രൂപയാണ്. ഇതിന്റെ കൂടെ ന്യായമായ രീതിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതിയും വ്യാപാരികളുടെ കമ്മീഷനും എണ്ണകമ്പനികളുടെ ആദായവും എല്ലാം കൂട്ടിയാലും പെട്രോൾ ലിറ്ററിന് 45 രൂപയ്ക്കും ഡീസൽ 40 രൂപയ്ക്കും വില്ക്കാൻ സാധിക്കും. അമിതമായ നികുതികളും എണ്ണക്കമ്പനികളുടെ കൊള്ളലാഭവും മറ്റും ചേരുമ്പോഴാണ് വില താങ്ങാനാവത്തതാകുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ വർധിപ്പിച്ച വിലയുടെ അധിക നികുതി വേണ്ടെന്നു വച്ച് യുഡിഎഫ് സർക്കാർ ജനങ്ങളിൽ ആശ്വാസം എത്തിച്ചു. നാലു തവണകളായി 619.17 കോടി രൂപയുടെ ഇളവാണ് ജനങ്ങൾക്കു നല്കിയത്. ഇത്തരമൊരു സമീപനം ഇടതുസർക്കാർ ചെയ്യുന്നില്ല.

സമരപരമ്പരകൾ

ഇന്ധനവില വർധനവിനെതിരേ സമരം ചെയ്ത് അധികാരത്തിലെത്തിയവരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത്. നിരവധി ഹർത്താലുകളും ബന്തുകളും നടത്തി. മോദി അധികാരമേറ്റാൽ 40 രൂപയ്ക്ക് ഡീസലും 50 രൂപയ്ക്ക് പെട്രോളും നല്കുമെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. പെട്രോൾ/ ഡീസൽ വില വർധനയ്‌ക്കെതിരേ കാളവണ്ടിയിലും മറ്റും സമരം നടത്തി. സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകൾക്കും മുന്നിൽ സ്ത്രീകൾ അടുപ്പുകൂട്ടി സമരം ചെയ്തു. ഇപ്പോൾ ഇവരുടെയൊന്നും അനക്കം കാണുന്നില്ല. രാജ്യം ചുട്ടുപൊള്ളുമ്പോഴും അവർ വീണവായിച്ചു രസിക്കുകയാണ്.

oommen chandyFuel Price Hike
Comments (0)
Add Comment